വയനാട് ജില്ലയിലെ പനമരം കൊറ്റില്ല കാഴ്ചകൾ - "കൊറ്റില്ലം പക്ഷി സങ്കേതകാഴ്ചകൾ"
- Posted on November 14, 2020
- News
- By Deepa Shaji Pulpally
- 954 Views
പനമരം വലിയ പുഴയും ചെറുപുഴയും സംഗമിക്കുന്നിടത്തെ ചെറിയ ദീപിലാണ് കൊറ്റില്ലമുള്ളത്. പനമരഞ്ഞെ പുഴക്ക് നടുവില്‍ പ്രകൃതി രൂപപെടുത്തിയ ഒന്നരയെക്കറയോളം വരുന്നതാണ് ദേശാടനക്കിളികളുടെ പറുദീസയായ പനമരം കൊറ്റില്ലം.
നിരവധി വിദേശ പക്ഷികളടക്കം മണ്‍സൂണ്‍ കാലത്ത് ഇവിടെയെത്തിയാണ് മുട്ടയിടുകയും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിക്കുകയും ചെയ്യുന്നത്. ഇവിടത്തെ കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമാണ് പക്ഷികള ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
പനമരം പുഴയുടെ നടുവിൽ ഒരു ചെറിയ പച്ചത്തുരുത്ത്. തുരുത്തിൽ പ്രധാനഭാഗം നിറയെ മുളങ്കൂട്ടങ്ങൾ. ഒരുഭാഗത്ത് ഏതാനും ചെറിയ മരങ്ങളും മരങ്ങൾക്കു കീഴിൽ പുല്ലും കുറ്റിക്കാടുകളും ഇടതിങ്ങി വളർന്നു നിൽക്കുന്നു. പുഴ മുറിച്ചു കടന്നാൽ പോലും തുരുത്തിന് അകത്തേക്ക് നടന്നു കയറുക എന്നത് ദുഷ്കരമാകുന്ന വിധം ഇടതിങ്ങിയ സസ്യാവരണം.
വേനലക്കാലമായാൽ വൈകുന്നേരങ്ങളിൽ ചേക്കേറുന്നതിനുവേണ്ടി മാത്രമേ അവിടെ കൊറ്റികൾ വരാറുള്ളൂ . സന്ധ്യയായതോടെ കൊക്കുകൾ ചെറിയ ചെറിയ കൂട്ടങ്ങളായി വന്നുതുടങ്ങും വന്നവർ പലരും സമീപത്ത് വട്ടമിട്ട് പറന്നു കൊണ്ടേയിരിക്കുന്നു ചിലർ മുളം കൂട്ടങ്ങളിൽ ഇടംകണ്ടത്തി വിശ്രമിക്കും . അരമണിക്കൂറിനകം ആ പ്രദേശം മുഴുവനും പക്ഷികളെ കൊണ്ട് നിറയും ..!! .
കൊറ്റില്ലം സജീവമാകുന്നതോടെ അതിനെ ആശ്രയിക്കാൻ മറ്റു പല ജീവികളും എത്തിത്തുടങ്ങും. കൂട്ടിൽ നിന്നും നിലത്ത് വീഴുന്ന കുഞ്ഞുങ്ങളെ തിന്നാനായി ചീങ്കണ്ണികളും, എളുപ്പത്തിൽ ഇരപിടിക്കാൻ ആവും എന്നതുകൊണ്ടോ എന്തോ സാധാരണയായി കാടുകളിൽ കാണാറുള്ള ഷഹീൻ ഫാൽക്കൺ ഉൾപ്പെടെ പല പരുന്തുകളയും അവിടെ കാണാം. കാക്കകൾ കൂട്ടിൽ നിന്നും മുട്ടയെടുത്ത് തിന്നുന്നതും കൊറ്റികളെ ശല്യം ചെയ്യുന്നതും ഇവിടുത്തെ ഒരു സ്ഥിരം കാഴ്ചയാണ്.
ഒരുപക്ഷേ വയനാട്ടിൽ ഇന്നവശേഷിക്കുന്നതിൽ വന്യജീവികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും സചേതനമായ ഒരിടമാണ് പനമരം കൊറ്റില്ലം. ഇത്രയും ചുരുങ്ങിയ ഒരു സ്ഥലം ഇത്രയേറെ പക്ഷികൾക്ക് അഭയമാകുന്ന മറ്റൊരിടം വയനാട്ടിൽ ഇല്ല. പക്ഷിലോകത്തെ ജീവൽ പ്രവർത്തനങ്ങളിൽ അതിലോലമായ പ്രജനന കാലത്ത് അവർക്ക് അഭയമേകുന്ന ഈ പച്ചത്തുരുത്തിനെയോർത്ത് മനസ്സ് അഭിമാനപൂരിതമായി.
പനമരം കൊറ്റില്ലം അനുകൂലവും പ്രതികൂലവുമായ പല സാഹചര്യങ്ങളിലൂടെ കടന്നു പോയി. പല വൃദ്ധിക്ഷയങ്ങളും അവിടെ സംഭവിച്ചു. പുഴയിൽ നിന്നും മണൽ വാരുന്നത് കൊണ്ട് വശങ്ങൾ ഇടിഞ്ഞു വീണ് വ്യാപ്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പുഴയുടെ വഴിയിൽ നീരൊഴുക്ക് രൂപപ്പെടുത്തിയെടുത്ത ഒരു തുരുത്താണ് പിന്നീട് കൊറ്റില്ലമായി രൂപപ്പെട്ടുവന്നത്. അനന്ത കാലത്തേക്ക് ഇനിയും ഒഴുകേണ്ട ആ പുഴ എന്നുവേണമെങ്കിലും സ്വാഭാവികമായി ആ തുരുത്തിനെയും എടുത്തുകൊണ്ടു പോയേക്കാം. എന്നാൽ അങ്ങനെയൊരു തുടച്ചു നീക്കൽ നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയിലൂടെയും ആയിക്കൂടാ. കൊറ്റില്ലം സ്ഥിതിചെയ്യുന്നത് പുഴയുടെ തലപ്പത്തുള്ള രണ്ട് അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം വന്ന് സന്ധിക്കുന്ന സ്ഥലത്താണ് എന്നതും കൊട്ടില്ലത്തിൻറെ ഭാവിയെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ് കൊറ്റില്ലത്തിനു താഴെയായി നിർമ്മിച്ചിട്ടുളള തടയണ ഇപ്പോൾതന്നെ തുരുത്തിന്റെ നിലനിൽപ്പിന് ഒരു ഭീഷണിയായിട്ടുണ്ട്. 2010 നും 2013 നും ഇടയിൽ തുരുത്തിലെ മുളങ്കൂട്ടങ്ങൾ എല്ലാം പൂത്ത് ഉണങ്ങി പട്ടുപോയി… കൊറ്റില്ലത്തിൽ കൂടുവെക്കാനുളള ഇടത്തിനായി പക്ഷികൾക്ക് പരസ്പരം മത്സരിക്കേണ്ടി വന്നു. മണ്ണിൽ വീണ മുള വിത്തുകൾ മുളച്ച് വളർന്ന് അതിവേഗം തുരുത്തിനെ വീണ്ടും പച്ചപ്പണിയിച്ചു. ഒരുപക്ഷേ കാലങ്ങളായി തുരുത്തിൽ വീണുകൊണ്ടിരിക്കുന്ന പക്ഷികാഷ്ഠം തുരുത്തിലെ പുതുതായി വന്ന മുളം തൈകളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടാവാം; മുളങ്കൂട്ടങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വേഗത്തിൽ പൂർവസ്ഥിതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ കൊറ്റില്ലത്തിലെ പക്ഷികളുടെ എണ്ണം കുറയുകയും ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൂർവ്വസ്ഥിതിയിലേക്ക് വരികയും ചെയ്തു. ഇക്കഴിഞ്ഞ പ്രളയകാലത്ത് വെള്ളപ്പൊക്കത്തിൽ തുരുത്തിലെ ഒരു ഭാഗം പുഴ എടുത്തു പോയി. അനേകം പക്ഷിക്കൂടുകൾ പുഴയിൽ ഒഴുകി പോവുകയും ചെയ്തു. എന്നാൽ ഈ നിമ്നോന്നതികളെ എല്ലാം അതിജീവിച്ചും അനുകൂലമാക്കിയും അനേകം നീർപക്ഷികൾ ഇപ്പോഴും ഈ പ്രദേശത്തിനെ ആശ്രയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കൊറ്റില്ലത്തിന്റെ നിലനിൽപ് വലിയൊരു ഭാഗം നമ്മുടെതന്നെ കൈകളിലാണ് എന്ന തിരിച്ചറിവിൽ നിന്നും കൊറ്റില്ലസംരക്ഷണത്തിനു വേണ്ടുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നാട്ടുകാരും പഞ്ചായത്തും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തുടങ്ങി പലരും മുന്നോട്ടുവന്നിട്ടുണ്ട്. റോഡരികിലും കവലകളിലും സ്കൂൾ മുറ്റത്തെയുമെല്ലാം മരങ്ങളെ ആശ്രയിച്ച് കൂടുകൂട്ടിയിരുന്ന കൊറ്റികളെല്ലാം ഇന്നു ഭീഷണിയിലാണ്. കാഷ്ഠിക്കുന്നു എന്നും ദുർഗ്ഗന്ധം പരത്തുന്നു എന്നൊക്കെ പറഞ്ഞു നമ്മൾ അവരെ അവിടെ നിന്നെല്ലാം ആട്ടിപ്പായിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കും ശല്യമാവാതെയും സ്വസ്ഥതയോടെയും നീർപ്പക്ഷികൾ കൂടുകൂട്ടുന്ന സ്ഥലങ്ങൾ ഇന്ന് വളരെ അപൂർവ്വമാണ്. ഈ സാഹചര്യത്തിൽ അത്യധികം പ്രാധാന്യമുള്ള ഈ സ്ഥലത്തിൻറെ സംരക്ഷണം വളരെ ശ്രദ്ധാപൂർവം നടപ്പിലാക്കേണ്ട ഒരു കാര്യമാണ്. ജൈവവൈവിധ്യ പ്രാധാന്യമുള്ള സ്ഥലങ്ങൾ എല്ലാം ടൂറിസം കൊണ്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് അവരുടെ സംരക്ഷണത്തിനു വേണ്ടി നമ്മൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ അവർക്ക് തന്നെ ഒരു തിരിച്ചടിയാവില്ല എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
എന്നുമുതലാണ് ഈ പ്രദേശം നീർപക്ഷികൾ അവരുടെ (പ്രചാരണത്തിനുവേണ്ടി ആശ്രയിക്കാൻ തുടങ്ങിയത് എന്നതിന് രേഖകളൊന്നുമില്ല നാട്ടുകാരുടെ ഓർമ്മയിൽ നിന്നു പോലും അതിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇതിനെ ആദ്യമായി രേഖപ്പെടുത്തുന്നത് കേരളത്തിലെ തലമുതിർന്ന പക്ഷിനിരീക്ഷകനായ പി.കെ. ഉത്തമൻ ആണ്. 1987 സെപ്റ്റംബർ ആദ്യവാരത്തിൽ അദ്ദേഹം ഈ കൊറ്റില്ലം നിരീക്ഷിക്കുമ്പോൾ അവിടെ ചെറുമുണ്ടികളും നീർകാക്കകളും പെരുമുണ്ടി ഉൾപ്പെടെ മൂന്ന് ഇനം പക്ഷികളുടെ അറുപതിൽ താഴെ കൂടുകളാണ് അവിടെ കാണുകയുണ്ടായത്. 1988 സക്കറിയാസ് എന്ന ഗവേഷകന്റെ നിരീക്ഷണത്തിൽ ഏഴിനം പക്ഷികളെ കാണുകയുണ്ടായി. തുടർന്നിങ്ങോട്ട് ഒരു പതിറ്റാണ്ടു കാലത്തേക്ക് പനമരം കൊറ്റില്ലവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ലഭ്യമല്ല. രണ്ടായിരമാണ്ടിൽ ഞങ്ങൾ നിരീക്ഷിക്കുമ്പോൾ മുന്നൂറിലധികം പക്ഷിക്കൂടുകൾ നമുക്ക് കാണാനായി. പുഴക്കരയിൽ നിന്ന് നോക്കുമ്പോൾ നമുക്ക് കാണാനാവാത്ത വിധം മുളം കൂട്ടങ്ങളുടെ മറുഭാഗത്ത് ധാരാളം കൂടുകൾ വേറെയും ഉണ്ടായിരുന്നിരിക്കണം. 2006 മുതൽ 2011 വരെ ഞങ്ങളുടെ പ്രാദേശിക പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നിരീക്ഷണങ്ങളിൽ ഇവിടെ കൂടുകളുടെ എണ്ണം കൂടിക്കൂടി വരുന്നത് ആയിട്ടാണ് കണ്ടത്. 2010 ൽ അറുന്നൂറിലധികം കൂടുകൾ കൊട്ടില്ലത്തിൽ കാണുകയുണ്ടായി. നിലനിൽപ്പിന് ഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നായ അരിവാൾ കൊക്കുകളുടെ പ്രജനനം കേരളത്തിൽ ആദ്യമായി (2002ൽ) നിരീക്ഷിക്കുന്നതും പനമരം കൊറ്റില്ലത്തിലാണ്. 2010ൽ ഇവിടെ കാലിമുണ്ടികളും പ്രജനനം ചെയ്യാൻ ആരംഭിച്ചു. നാളിതുവരെ 10 വ്യത്യസ്ത ഇനത്തിൽപ്പെട്ട പക്ഷികൾ ഇവിടെ കൂടുകൂട്ടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ൽ കേരളത്തിൽ നടന്ന കൊറ്റില്ലങ്ങളിലെ പക്ഷി സർവേകളിൽ ഏറ്റവും കൂടുതൽ പക്ഷിക്കൂടുകൾ രേഖപ്പെടുത്തിയിരിക്കുന്നതും പനമരം കൊല്ലത്തിലാണ്.2010 ൽ കൊറ്റില്ലത്തിൽ ആദ്യമായി കൂടൊരുക്കിയ കാലിമുണ്ടി മുട്ടയ്ക്ക് അടയിരിക്കുന്നു.