കെ എ തോമസ് മാസ്റ്റർ പുരസ്കാരം ആനി രാജയ്ക്ക്

  • Posted on February 23, 2023
  • News
  • By Fazna
  • 119 Views

തൃശൂർ: സ്വാതന്ത്രൃസമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളും യുക്തിവാദിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ എ തോമസ് മാസ്റ്ററുടെ പേരിൽ മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരത്തിന് പ്രമുഖ രാഷ്ട്രീയ നേതാവ് ആനി രാജ അർഹയായി.പി എൻ ഗോപീകൃഷ്ണൻ, ഡോ സി എസ് വെങ്കിടേശ്വരൻ, പ്രൊഫ കുസുമം ജോസഫ് എന്നിവരാണ് പുരസ്കാര നിർണ്ണയം നടത്തിയത്‌.  സമൂഹത്തിൻ്റെ പൊതുബോധം പുരോഗമനാത്മകമാക്കാൻ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതാവാണ് ആനി രാജയെന്നും മുഖ്യധാര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോഴും സമൂഹത്തിൻ്റെ മുഴുവൻ നന്മയ്ക്കും വേണ്ടിയുള്ള വിശാല രാഷ്ട്രീയ വീക്ഷണം അവരെ ഇക്കാലത്ത് കൂടുതൽ പ്രസക്തയാക്കുന്നുവെന്നും ജൂറി വിലയിരുത്തി. പൗരത്വ പ്രക്ഷോഭത്തിലും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കുമെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും സജീവമായ ആനി രാജ ജാബുവയിലും കാണ്ടമാലിലും ഇരകൾക്ക് നീതി ലഭിക്കാൻ പോരാട്ടങ്ങളും ശ്രദ്ധേയമായിരുന്നു. കണ്ണൂരിൽ ആറളം പഞ്ചായത്തിൽ ജനിച്ച ആനി രാജ സി പി ഐ യുടെ ദേശീയ നേതാവാണ്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും സ്മൃതി ഫലകവും ഉൾപ്പെടുന്ന പുരസ്കാരം കെ എ തോമസ് മാസ്റ്റർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്.   

വി എസ് അച്ചുതാനന്ദൻ, വി എം സുധീരൻ, കെ അജിത, പെമ്പിളൈ ഒരുമ, മാഗ്ളിൻ ഫിലോമിന, ഡോ തോമസ് ഐസക്, സണ്ണി എം കപിക്കാട് എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ. കെ എ തോമസ് മാസ്റ്ററുടെ പതിനൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 19ന് മാളയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ മന്ത്രി ഡോ ആർ ബിന്ദു  പുരസ്കാരം സമർപ്പിക്കും. വി ആർ സുനിൽകുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കെ ഇ എൻ കുഞ്ഞഹമ്മദ് സ്മാരക പ്രഭാഷണം നടത്തുമെന്നും ജൂറി അംഗങ്ങളായ പി.എൻ.ഗോപീകൃഷ്ണൻ, ഡോ.സി.എസ്.വെങ്കിടേശ്വരൻ, ഫൗണ്ടേഷൻ പ്രസിഡണ്ട് സി.ആർ. പുരുഷോത്തമൻ, സെക്രട്ടറി പി.കെ.കിട്ടൻ എന്നിവർ തൃശൂർ പ്രസ് ക്ലബ്ബിലെ പത്ര സമ്മേളനത്തിൽ അറിയിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like