ഇന്ത്യൻ വ്യോമയാന മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളുമായി രാഷ്‌ട്രപതി സംവദിച്ചു.
- Posted on November 05, 2024
- News
- By Goutham Krishna
- 76 Views
രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ത്യൻ വ്യോമയാന മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളുടെ ഒരു സംഘവുമായി ഇന്ന് (നവംബർ 4, 2024) രാഷ്ട്രപതി ഭവനിൽ സംവദിച്ചു.
സി.ഡി. സുനീഷ്.
ന്യൂ ഡൽഹി :
രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ത്യൻ വ്യോമയാന മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളുടെ ഒരു സംഘവുമായി ഇന്ന് (നവംബർ 4, 2024) രാഷ്ട്രപതി ഭവനിൽ സംവദിച്ചു. ജനങ്ങളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും അവരുടെ സംഭാവനകൾ തിരിച്ചറിയാനും ലക്ഷ്യമിട്ടുള്ള "ജനങ്ങളോടൊപ്പം രാഷ്‌ട്രപതി " എന്ന സംരംഭത്തിന് കീഴിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ഇന്ത്യയുടെ സിവിൽ വ്യോമയാന മേഖലയിലെ വിവിധ പ്രവർത്തന, സാങ്കേതിക മേഖലകളിൽ സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. എയർ ട്രാഫിക് കൺട്രോളർമാരിൽ 15 ശതമാനം സ്ത്രീകളാണെന്നും ഫ്ലൈറ്റ് ഡിസ്പാച്ചർമാരിൽ 11 ശതമാനം സ്ത്രീകളാണെന്നും എയ്‌റോസ്‌പേസ് എഞ്ചിനീയർമാരിൽ 9 ശതമാനം സ്ത്രീകളാണെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം വാണിജ്യ ലൈസൻസ് ലഭിച്ച പൈലറ്റുമാരിൽ 18 ശതമാനവും സ്ത്രീകളാണെന്നും അവർ പറഞ്ഞു . നൂതനമായി ചിന്തിക്കുകയും പുതിയ പാതകളിൽ മുന്നേറാൻ ധൈര്യം കാണിക്കുകയും ചെയ്ത് നേട്ടം കൈവരിച്ച എല്ലാ വനിതാ ജേതാക്കളെയും അവർ അഭിനന്ദിച്ചു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ എല്ലാവരെയും ഉൾക്കൊള്ളാനുള്ള ശ്രമങ്ങൾ, സിവിൽ വ്യോമയാന മേഖലയിലെ സ്ത്രീകളുടെ പുരോഗതിക്ക് ഊർജം പകരുന്നതായി രാഷ്ട്രപതി പറഞ്ഞു. കൂടുതൽ സ്ത്രീകൾ ഇപ്പോൾ വ്യോമയാന മേഖല തങ്ങളുടെ കരിയറായി തിരഞ്ഞെടുക്കുന്നു. വ്യോമയാന മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനൊപ്പം മുന്നോട്ടുപോകുമ്പോൾ ഈ മേഖലയിൽ തുല്യ അവസരങ്ങളും ആവശ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.
വിദ്യാഭ്യാസത്തിനും ശരിയായ പരിശീലനത്തിനും പുറമെ കുടുംബത്തിൻ്റെ പിന്തുണയും പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. കുടുംബത്തിൻ്റെ പിന്തുണയില്ലാത്തതിനാൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും പല സ്ത്രീകൾക്കും അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. മറ്റ് സ്ത്രീകൾക്ക് കരിയർ തിരഞ്ഞെടുക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും വഴികാട്ടികളാകാനും വിജയികളായ സ്ത്രീകളോട് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു.