കേരളീയത്തിന് വർണ്ണാഭമായ തുടക്കം, പ്രതിപക്ഷം വിട്ടു നിന്നു
- Posted on November 02, 2023
- Localnews
- By Dency Dominic
- 133 Views
ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനി എല്ലാ വർഷവും കേരളീയം പരിപാടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളീയർ ആയതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആർക്കും പിന്നിൽ അല്ല കേരളീയർ എന്ന ആത്മാഭിമാന പതാക ഉയർത്താൻ കഴിയണം. നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം പരിപാടി. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള, ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.