മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ആർ. സി. സി. യിൽ സ്കാനിംഗിന് ബദൽ സംവിധാനം

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ നിലവിലുള്ള എം. ആർ. ഐ. സ്കാനറും മാമ്മോ മെഷീനും മാറ്റിസ്ഥാപിക്കുന്ന സാഹചര്യത്തിൽ, രോഗികൾക്ക് മെഡിക്കൽ കോളേജ് കാമ്പസിലുള്ള സർക്കാർ സ്കാനിംഗ് സെന്ററായ എച്ച്. എൽ. എല്ലിൽ സൗജന്യ  നിരക്കിൽ സ്കാനിംഗ് നടത്താനുള്ള ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആർ. സി. സി. ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  

ആർ. സി. സി. യിലുള്ള ഏക എം. ആർ. ഐ. സ്കാനിംഗിന് യന്ത്രം തകരാറിലായ സാഹചര്യത്തിൽ നിർദ്ധന രോഗികൾ വൻതുക മുടക്കി സ്വകാര്യാശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയുമാണെന്ന പരാതിയിൽ ബദൽ സംവിധാനം ഒരുക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആർ. സി. സി. ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.  

പുതിയ യന്ത്രങ്ങൾ വാങ്ങാൻ പർച്ചേസ് ഓർഡർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ഉപയോഗിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്.  രണ്ടു വർഷം മുമ്പ് തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.  അനുബന്ധ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എ. സി. വർക്കുകൾ നടത്തേണ്ടതുണ്ട്.  ഇവ പൂർത്തിയാക്കാൻ മാമ്മോഗ്രാഫിക്ക് പരമാവധി 2 മാസവും എം. ആർ. ഐ. ക്ക് 6 മാസവുമാണ് കമ്പനികൾ ആവശ്യപ്പട്ടിട്ടുള്ളത്.  എന്നാൽ നിശ്ചിത കാലയളവിനു മുമ്പേ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like