കൊൽക്കത്ത രാജ്ഭവൻ ഇനി ജൻ രാജ്ഭവൻ: താക്കോൽ കൈമാറി രാഷ്ട്രപതി
- Posted on March 30, 2023
- News
- By Goutham Krishna
- 99 Views
തിരുവനന്തപുരം: പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് കൊൽക്കത്ത രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു കൊടുത്തു. രാഷ്ട്രപതിയെ ആദരിക്കുന്നതിനായി രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് ഗവർണർ ഡോ.ആനന്ദബോസ് രാജ്ഭവൻ്റെ പ്രതീകമായ താക്കോൽ കൈമാറിയത്.തുടർന്ന് രാഷ്ട്രപതി രാജ്ഭവൻ്റെ താക്കോൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കൈമാറി. ഇതോടെ കൊൽക്കത്ത രാജ്ഭവൻ ജൻ രാജ്ഭവനായി.
കോളനി വാഴ്ചയുടെ പ്രതീകമായിരുന്ന രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു നൽകുന്നതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം ജനങ്ങൾക്ക് തുറന്നു നൽകാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ഉൾക്കൊണ്ടാണ് ബംഗാൾ രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു നൽകാൻ ബംഗാൾ ഗവർണർ തീരുമാനിച്ചത്. മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല. രാജ്യത്ത് നിരവധി സാംസ്കാരിക മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച കൊൽക്കത്തയിൽ നിന്നു തന്നെ ജനസൗഹ്യദ രാജ്ഭവനി എന്ന ആശയത്തിന് തുടക്കം കുറിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഡോ.ആനന്ദബോസ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിച്ച് കോളനി വാഴ്ചയുടെ ഓർമ്മകൾ പോലും തമസ്കരിക്കുന്നതിൻ്റെ ഭാഗമായി രാജ്ഭവനിൽ 'ഹെരിറ്റേജ് വാക്ക് ' പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് ഗവർണർ പറഞ്ഞു. ഡോ. ബോസ് ഗവർണറായി ചുമതലയേറ്റ 100 ദിനം കൊണ്ട് സംഘടിപ്പിച്ച വിവിധ പരിപാടികൾ വിവരിക്കുന്ന ഒരു കോഫി ടേബിൾ ബുക്ക് ഗവർണർ രാഷ്ട്രപതിക്ക് സമ്മാനിച്ചു.
പ്രത്യേക ലേഖകൻ