കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര സൗജന്യമാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.
- Posted on October 10, 2025
- News
- By Goutham prakash
- 107 Views
കാൻസർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യമാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ചേരുന്ന കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നാളത്തേക്ക് വെക്കുന്നില്ല ഇന്ന് തന്നെ പ്രഖ്യാപനവും നടത്തുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ റീജണൽ കാൻസർ സെന്ററുകളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും. കേരളത്തിലെ ഏത് സ്ഥലത്തുനിന്നും സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസ്സുകളിൽ യാത്ര സമ്പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഓരോ കെഎസ്ആർടിസിക്കും 1168 രൂപ വെച്ച് വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ഓരോ മാസവും ലാഭത്തിലേക്ക് ഉയരുകയാണ്. കഴിഞ്ഞ മാസം മാത്രം 7 കോടി രൂപ അധിക വരുമാനം നേടാൻ കെ എസ് ആർ ടി സിക്ക് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
