ട്രാൻസ്മാൻ ആദം ഹാരി ഇനി പറക്കും ജീവിതത്തിൻ്റെ ചിറകുകൾക്കൊപ്പം
ട്രാൻസ്മാൻ ആദം ഹാരിയ്ക്ക് വൈമാനികനാകുന്നതിലെ ബാക്കി തടസ്സങ്ങളെല്ലാം നീങ്ങി. സ്വപ്നങ്ങളുടേയും ജീവിതത്തിൻ്റെയും ചിറകുകൾ വിരിച്ച് ആദം ഇനി പറക്കും. ആഗ്രഹിച്ച ഉയരത്തിലേക്ക് പറക്കാൻ വഴിയൊരുങ്ങി കഴിഞ്ഞു. സാമൂഹ്യനീതി വകുപ്പിൻ്റെ അകമഴിഞ്ഞ പിന്തുണയിൽ വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ നൽകിയ 23,34,400 രൂപയിൽ, അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഉത്തരവായി. കൂടെ, അധികമായി ആവശ്യമുള്ള 7,73,94 രൂപയും നൽകുന്നു. അങ്ങനെ ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവർഷം ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും അനുവദിച്ചിരിക്കുകയാണ് ആദം ഹാരിയുടെ മോഹസാക്ഷാത്ക്കാരത്തിന്.
ഹാരിയ്ക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ആദം ഹാരിയുടെ പൈലറ്റാവാനുള്ള ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ്ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്.
ട്രാൻസ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാൻ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സർക്കാർ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനിൽക്കൽ ട്രാൻസ് സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി സർക്കാർ ഏറ്റെടുത്തത് അതുകൊണ്ടാണ്.
അരികുവത്ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും ഒരു തടസ്സവും ഉണ്ടാകരുതെന്ന സർക്കാരിന്റെ നിലപാട് ഒരിക്കൽ ക്കൂടി സാമൂഹ്യനീതി വകുപ്പ് ഇവിടെയും ഉയർത്തിപ്പിടിക്കുന്നു. ആദം ഹാരിയുടെ ആകാശസ്വപ്നങ്ങൾ ലോകം മുഴുവൻ വിമാനം പറത്തി ജീവിതം സഫലമാക്കാൻ ഇട വരുത്തും. ട്രാൻസ് ജെൻഡറുകളുടെ ക്ഷേമത്തിനായി ഉള്ള പിന്തുണയും കരുതലും മാറ്റി നിർത്തപ്പെട്ടിരുന്ന ഈ സമൂഹങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. വൈമാനീകനാകുന്ന ആദത്തിൻ്റെ സ്വപ്നങ്ങൾ ആകാശങ്ങൾക്കൊപ്പം സഫലമാകട്ടെ.