വൗ വീക്കിൽ നിറഞ്ഞതു കാളിനാടകം മുതൽ ബീറ്റ് ബോക്സിങ് വരെ
തിരുവനന്തപുരം: ദേശീയതലത്തിൽ ശ്രദ്ധ നേടിയ 'കാളിനാടകം' തലസ്ഥാനത്തെ പ്രമുഖർ നിറഞ്ഞ സദസിനുമുന്നിൽ വീണ്ടും അവതരിപ്പിച്ചു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന വേൾഡ് ഓഫ് വിമൻ (WoW) വീക്കിൻ്റെ അഞ്ചാംദിനത്തിലെ കലാസന്ധ്യയിലെ മുഖ്യ ആകർഷകമായി സജിത മഠത്തിൽ രചനയും ചന്ദ്രദാസൻ സംവിധാനവും നിർവ്വഹിച്ച കൊച്ചി ലോകധർമ്മിയുടെ ‘കാളിനാടകം'. കളമെഴുതി അതിനു മുന്നിൽ അവതരിപ്പിച്ച പുള്ളുവൻ പാട്ടോടെ ആണ് കലാവിരുന്നു തുടങ്ങിയത്. തുടർന്നായിരുന്നു നാടകം.
‘നായിക' നൃത്താവതരണം, ശാന്തി പ്രിയയുടെ ബാവുൽ സംഗീതം, ഹിഡുംബി കേന്ദ്രകഥാപാത്രമായി കളരിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച് അവതരിപ്പിച്ച തൃപ്പൂണിത്തുറ തുടിപ്പിൻ്റെ ‘ഒറ്റ’, ആർദ്ര സാജൻ്റെ ബീറ്റ് ബോക്സിങ്ങും നടന്നു.
രാവിലെ മുതൽതന്നെ പരിപാടികൾ ഉണ്ടായിരുന്നു. രാവിലെ 7 30 മുതൽ വൈകിട്ട് 6 വരെ പ്രധാന വേദിയിൽ അനിമൽ ഫ്ലോ, മാക്രേം, മൺപാത്രനിർമ്മാണം, ജ്വല്ലറി ആർട്ട്, ഇന്റർവ്യൂ ക്രാക്കിങ്, ആംഗ്യഭാഷ, ആർട്ട് തെറാപ്പി, അമ്പെയ്ത്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ ശില്പശാലകൾ ആയിരുന്നു പ്രധാന പകൽപ്പരിപാടികൾ. രാവിലെ 10 മുതൽ ഒന്നുവരെ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു. വൈകിട്ട് 6-ന് അസ്തമയക്കാഴ്ചയും ഒരുക്കി.
ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം ക്രാഫ്റ്റ്സ് സ്റ്റുഡിയോകൾക്കു പുറമെ, നബാർഡിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേകകരകൗശലസ്റ്റോളുകളും മുപ്പതോളം വനിതാസംരംഭകരുടെ സ്റ്റോളുകളും പ്രശസ്ത ചിത്രകാരി സജിത ശങ്കറിന്റെ പെയിന്റിങ്ങുകളുടെ പ്രദർശനവും വൗ വീക്കിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.
ആറാം ദിവസമായ ഇന്ന് പകൽ മൂന്നു മുതൽ ഫ്ലീ മാർക്കറ്റും കൈമാറ്റവും ക്രാഫ്റ്റ്സ് വില്ലേജ് അങ്കണത്തിൽ നടക്കും. കലാസന്ധ്യയ്ക്ക് വൈകിട്ട് 6 45-ന് ‘രാഗവല്ലി’ മ്യൂസിക് ബാൻഡോടെ അരങ്ങുണരും. തുടർന്ന് 7 45-ന് മരിയാന ഗിവോർഗ്യാൻ (Mariyana Gevorgyan) നടത്തുന്ന പ്രാചീന അസീറിയൻ പാരമ്പര്യവാദ്യമായ കാനൂൻ (Qanoon) സോളോ നടക്കും.
പ്രശസ്ത സ്പാനിഷ് ഫ്ലെമെങ്കോ ഡാൻസർ ബെറ്റീന കാസ്റ്റാനോയും (Bettina Castano) കഥക് നർത്തകി അദിതി ഭാഗവതും (Aditi Bhagwat) ചേർന്നൊരുക്കുന്ന ഫ്യൂഷൻ നൃത്തം 7 30-നും ജുനാഹി രത്തൻ്റെ ഒഡീസി നൃത്തം 8 30-നും നടക്കും. 8 45-ന് ജാനകി ഈശ്വർ, 10 മണിക്ക് അഭയ ഹിരൺമയി എന്നിവരുടെ സംഗീതവിരുന്നിനെ തുടർന്നു നടക്കുന്ന ഇബ്തിസാമിൻ്റെ (Ibthisam) ‘ടെക്നോ ടെസ്റ്റ്’ എന്ന ഡിജെയോടെ ഇന്നത്തെ കലാസന്ധ്യയ്ക്കു തിരശീല വീഴും.
പ്രത്യേക ലേഖകൻ