‘അയാൾ സാഡിസ്റ്റ്, സഹിച്ചു ജീവിക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു; ഞാനാണ് പിരിയാമെന്നു പറഞ്ഞത്’

സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായിക വൈക്കം വിജയലക്ഷ്മി. അടുത്തിടെ നടി ഗൗതമിയുമായി നടത്തിയ അഭിമുഖത്തിലാണ് മുൻ ഭർത്താവ് അനൂപുമായി വേർപിരിയാനുണ്ടായ കാരണങ്ങൾ ഗായിക തുറന്നു പറഞ്ഞത്. അനൂപ് ഒരു സാഡിസ്റ്റ് ആയിരുന്നുവെന്നും തന്റെ മാതാപിതാക്കളെ പോലും അദ്ദേഹം തന്നിൽ നിന്നും അകറ്റിയെന്നും വിജയലക്ഷ്മി ദുഃഖത്തോടെ പറയുന്നു.
‘ഏറെ പ്രതീക്ഷയോടെയായിരുന്നു പുതിയ ജീവിതത്തിലേക്കു കടന്നത്. കുടുംബജീവിതത്തോടൊപ്പം സംഗീതത്തെയും മുറുകെ പിടിക്കാമെന്നു കരുതി. എന്നാൽ എന്നിലെ സംഗീതത്തെ ഭർത്താവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. ശരിക്കും സാഡിസ്റ്റ് ആയിരുന്നു അദ്ദേഹം. എന്തു ചെയ്താലും നെഗറ്റീവ് ആയി മാത്രമേ സംസാരിച്ചിരുന്നുള്ളു. കൈകൊട്ടുന്നതും താളം പിടിക്കുന്നതും പോലും ഇഷ്ടമായിരുന്നില്ല, പാട്ടു പാടുന്നതിനു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം പറയുന്ന സമയം കഴിഞ്ഞാൽ പിന്നെ പാടാൻ സമ്മതിക്കില്ല.
എനിക്കു കരയാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളു. എന്റെ അച്ഛനേയും അമ്മയേയും എന്നിൽ നിന്നകറ്റി. അതൊന്നും എനിക്കു താങ്ങാൻ കഴിഞ്ഞില്ല. എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞതിനു ശേഷമല്ലേ വിവാഹം കഴിച്ചതെന്ന് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. സഹികെട്ട് ഒടുവിൽ ഞാനാണ് പിരിയാമെന്ന തീരുമാനമെടുത്തത്. അത്രയുമൊക്കെ സഹിച്ചു ജീവിക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു. സംഗീതമാണ് എന്റെ സന്തോഷം. അതില്ലെങ്കിൽ എനിക്കു മുന്നോട്ടു പോകാനാകില്ല, വിജയലക്ഷ്മി പറഞ്ഞു.