കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാൻ ഉന്നത തല യോഗം ചേർന്നു.

  • Posted on April 27, 2023
  • News
  • By Fazna
  • 86 Views

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമാക്കാനുള്ള വിപുലമായ പദ്ധതികള്‍ക്ക് ഉന്നതതലയോഗം രൂപം നല്‍കി. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദാ മുരളീധരൻ, നവകേരള കര്‍മ്മ പദ്ധതി 2 കോര്‍ഡിനേറ്റര്‍ ഡോ. ടി എൻ സീമ എന്നിവരും വകുപ്പ് തലവന്മാരും പങ്കെടുത്തു. 2024 മാര്‍ച്ച് 31നകം കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂൺ 5ന് പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. മെയ് 2ന് മാലിന്യമുക്ത കേരളത്തെക്കുറിച്ച് ജനപ്രതിനിധികളെ ബോധവത്കരിക്കാൻ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികളോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഓൺലൈനിൽ സംസാരിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മാലിന്യമുക്തമാക്കാൻ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്താൻ യോഗത്തിൽ തീരുമാനമായി. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ജൂൺ 5ന് സംസ്ഥാനത്തെ എല്ലാ ഓഫീസുകളെയും ഹരിതഓഫീസുകളാക്കി പ്രഖ്യാപിക്കും. എല്ലാ ഓഫീസുകളും ഹരിത ഓഫീസുകളായെന്ന് ഉറപ്പാക്കാൻ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവര്‍ത്തനം നടക്കും. സ്കൂളുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ5ന് മുൻപ് ശുചിയാണെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.ഇതോടൊപ്പം വിപുലമായ ജനകീയ ക്യാമ്പയിനും നടത്തും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജൈവമാലിന്യം സംസ്കരിക്കാൻ ഉറവിട മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ അജൈവ മാലിന്യം യൂസര്‍ഫീ നല്‍കി ഹരിതകര്‍മ്മസേനയ്ക്ക് നല്‍കണം. ഓഫീസില്‍ ഗ്രീൻ പ്രോട്ടോക്കോള്‍ ഓഫീസറെ നിയോഗിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ക്ലീനിംഗ് സ്റ്റാഫിന് പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, റസിഡന്റ് അസോസിയേഷൻ, കുടുംബശ്രീ തുടങ്ങി എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിപുലമായ ക്യാമ്പയിൻ പ്രവര്‍ത്തനങ്ങള്‍ ജൂൺ 5ന് ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like