കലാസംവിധായകൻ കിത്തോ അന്തരിച്ചു.

  • Posted on October 18, 2022
  • News
  • By Fazna
  • 96 Views

ശശി സംവിധാനം ചെയ്ത ഈ മനോഹരതീരം എന്ന ചിത്രത്തിലൂടെ  കലാസംവിധായകനായി  രംഗപ്രവേശം ചെയ്ത കിത്തോ 1988ൽ തിരക്കഥാകൃത്ത് കലൂർ ഡെന്നിസുമായി ചേർന്ന് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്ന സിനിമ നിർമ്മിച്ചു

മലയാള സിനിമാരംഗത്ത് വളരെ പ്രശസ്തനായ  ആർട്ടിസ്റ്റ് കിത്തോ(83) ഇന്ന്(18.102022) രാവിലെ ലിസി ആശുപത്രിയിൽ നിര്യാതനായി. 1970 ൽ ഐ.വി. ശശി സംവിധാനം ചെയ്ത ഈ മനോഹരതീരം എന്ന ചിത്രത്തിലൂടെ  കലാസംവിധായകനായി  രംഗപ്രവേശം ചെയ്ത കിത്തോ 1988ൽ തിരക്കഥാകൃത്ത് കലൂർ ഡെന്നിസുമായി ചേർന്ന് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്ന സിനിമ നിർമ്മിച്ചു. അതിനുമുമ്പ് 1972ൽ ബാല്യ കാല സുഹൃത്തായ കലൂർ ഡെന്നിസുമായി ചേർന്ന്  ചിത്ര പൗർണമി എന്ന സിനിമ വാരിക എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.സെബാസ്റ്റ്യൻ പോൾ ആയിരുന്നു ചീഫ് എഡിറ്റർ.

എറണാകുളം കലൂരിൽ പൈലി വെറോണിക്ക ദമ്പതികളുടെ മകനായ കിത്തോ ചെറുപ്രായത്തിൽ തന്നെ ചിത്രരചനയിൽ താല്പര്യം പ്രകടിപ്പിക്കുകയും വിശാലമായ വീട്ടുമുറ്റത്ത് ചിത്രങ്ങൾ വരച്ചു  തന്റെ കലാമികവ് തെളിയിക്കുകയും ചെയ്തു. വരയ്ക്കുന്നതി നോടൊപ്പം ചെളികൊണ്ട് പ്രതിമകളും ഉണ്ടാക്കിയിരുന്നു. അക്കാലത്തു എറണാകുളത്തെ പ്രശസ്തമായ ബ്ലോക്ക് മേക്കിങ് കമ്പനിയിലേക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തിരുന്നു.

എറണാകുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിലും മഹാരാജാസ് കോളേജിലുമാ യിരുന്നു  വിദ്യാഭ്യാസം. പ്രീ യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുമ്പോൾ മികച്ച ആർട്ടിസ്റ്റിനുള്ള കോന്നോത്ത് ഗോവിന്ദമേനോൻ ഗോൾഡ് മെഡൽ കരസ്ഥമാക്കി. ചിത്രരചനയിലെ താൽപര്യം മുൻനിർത്തി കോളേജ്  വിദ്യാഭ്യാസം മതിയാക്കി പ്രശസ്ത ചിത്രകാരനായ എം ആർ ഡി ദത്തൻ നടത്തിയിരുന്ന കൊച്ചിൻ  ആർട്സിൽ ചേർന്നു. നാലുവർഷത്തെ  പഠനം പൂർത്തിയാക്കിയ ശേഷം  എംജി റോഡിൽ സ്വന്തമായി കിത്തോ ഇലസ്ട്രേഷൻ ആൻഡ് ഗ്രാഫിക്സ് എന്ന സ്ഥാപനം ആരംഭിച്ചു. ഇന്നത്തെ പ്രശസ്ത തിരക്കഥാകൃത്തായ കലൂർ ഡെന്നിസുമായി ചെറുപ്പം മുതലേ നല്ല  അടുപ്പമായിരുന്നു . അന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി കലൂർ ഡെന്നിസ് എഴുതിയ കഥകൾക്ക് ഇലസ്ട്രേഷൻ വരച്ചിരുന്നത് കിത്തോയാണ്. അക്കാലത്തു കിത്തോയുടെ  വരകൾക്ക് വലിയ പ്രാധാന്യം  ലഭിച്ചിരുന്നു . തുടർന്ന് ധാരാളം അവസരങ്ങളും ലഭിച്ചു. മലയാള മനോരമ,മാതൃഭൂമി, കേരളടൈംസ് തുടങ്ങിയ ദിനപത്രങ്ങളിലെ സ്ഥിരം ചിത്രകാരനായിമാറി.ഓഫ്സെറ്റ് പ്രിന്റിംഗ് ഒന്നുമില്ലാതിരുന്ന സമയത്തു ചിത്രകാരൻ  കൈകൊണ്ട്  തലക്കെട്ട് എഴുതണം. മനോരമയുടെ ഫ്രണ്ട് പേജിൽ സ്കൈലാബ് പതിക്കുന്ന ചിത്രം  കിത്തോ വരച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ കലൂർ ഡെന്നിസുമായി ചേർന്ന് ചിത്രപൗർണമി എന്ന സിനിമ വാരികയുടെ പ്രവർത്തനം  ധാരാളം സിനിമാക്കാരുമായി കിത്തോക്ക്  പരിചയപ്പെടാൻ അവസരമുണ്ടായി. പ്രശസ്ത സംവിധായകൻ ഐ വി ശശിയുമായുള്ള  പരിചയമാണ് "ഈ മനോഹരതീരം "എന്ന സിനിമയിൽ എത്തിച്ചത്. സിനിമയുടെ പരസ്യകലയും കലാസംവിധാനവും കിത്തോ നിർവഹിച്ചു. പിന്നീട്  ജേസി, ജോഷി,സത്യൻ അന്തിക്കാട്, ഫാസിൽ,കമൽ, വിജിതമ്പി, മോഹൻ, ഹരികുമാർ,  തമ്പി കണ്ണന്താനം,കെ. എസ്. സേതുമാധവൻ, ജോർജ് കിത്തു, തുളസിദാസ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങൾക്കായി പ്രവർത്തിച്ചു. കമ്പ്യൂട്ടർ ഒന്നുമില്ലാത്ത അക്കാലത്ത് കിത്തോ ഡിസൈനിങ്ങിൽ പല പുതുമകളും കൊണ്ടു വന്നു. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ എന്ന ചിത്രത്തിനുവേണ്ടി കാർട്ടൂൺ പോസ്റ്ററുകൾ  ഇറക്കി. ഈ സിക്സ്  ഷീറ്റ് പോസ്റ്ററിൽ മധു,ഭരത് ഗോപി, കരമന ജനാർദ്ദനൻ നായർ,നെടുമുടി വേണു എന്നിവർ ചേർന്നുള്ള, ഒരു രഥം വലിക്കുന്ന കാർട്ടൂൺ  പോസ്റ്റർ ഏറെ പ്രശസ്തി നേടിയിരുന്നു. ഏതാണ്ട് നൂറോളം ചിത്രങ്ങൾക്ക് പരസ്യകലയും അമ്പതോളം സിനിമകൾക്ക് കലാസംവിധാനവും നിർവഹിച്ചു. ഈ പ്രവർത്തനങ്ങൾക്കൊപ്പം മോഹൻ സംവിധാനം ചെയ്ത  ആലോലം എന്ന സിനിമയ്ക്കു വേണ്ടി കഥ എഴുതി. കമൽ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രം നിർമിച്ചു. സിനിമയിലെ പല മേഖലകളിലും ഉള്ള പരിചയം കിത്തോയെ  സിനിമയിൽത്തന്നെ തളച്ചിട്ടില്ല. ക്രമേണ സിനിമാ മേഖലയിൽനിന്നു പിന്മാറി. തുടർന്ന് ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളുടെ വരകളിലേക്കും വഴിമാറി. കേരളത്തിലങ്ങോളമിങ്ങോളമുള്ള  ധാരാളം പള്ളികളുടെ അൾത്താര  വർക്കുകളും പെയിൻ്റിങ്ങുകളും ചെയ്തു.  പ്രശസ്തമായ കുട്ടികളുടെ മാസികയായ സ്നേഹസേനയുടെ ആർട്ട് വർക്കും  ചെയ്തുപോന്നു. ജർമനിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന രശ്മി മാഗസിന് 1977ൽ മികച്ച രൂപകൽപ്പനക്കുള്ള സംസ്ഥാന  സർക്കാരിന്റെ അവാർഡ് കിത്തോക്ക് ലഭിച്ചു.കേരളത്തിലെ പ്രശസ്തമായ പല സ്ഥാപനങ്ങൾക്ക് വേണ്ടി കിത്തോ  എംബ്ലം വരച്ചു. കലാഭവൻ, സി എ സി തുടങ്ങിയവ ഇതിൽപ്പെടുന്നു.

ഭാര്യ ലില്ലി. മക്കൾ അനിൽ കിത്തോ, കമൽകിത്തോ.
മരുമക്കൾ നീതു കമൽ, സ്വീറ്റി അനിൽ.സംസ്കാരം കലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ  വൈകുന്നേരം അഞ്ചുമണിക്ക്.

Author
Citizen Journalist

Fazna

No description...

You May Also Like