വിമാനത്തിൽ യുവതിക്ക് നേരെ അതിക്രമം; യുവാവിന്റെ മൂക്ക് ഇടിച്ചുതകർത്ത് ഭർത്താവ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ ഭർത്താവും മറ്റു യാത്രക്കാരും കൈകാര്യം ചെയ്തു. എയർപോർട്ടിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും യുവതിക്ക് പരാതി ഇല്ലെന്നറിയിച്ചതോടെ വിട്ടയച്ചു. ഇന്നലെ വൈകിട്ട് മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന അടൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമം നടന്നത്. പിൻസീറ്റിൽ ഇരുന്ന നാവായിക്കുളം സ്വദേശി യുവതിയെ ഉപദ്രവിക്കുകയും മോശം പരാമർശം നടത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം യുവതി ഭർത്താവിനെ അറിയിച്ചു. തുടർന്ന് ഭർത്താവ് ഇത് ചോദ്യം ചെയ്തതോടെ യുവാവ് യുവതിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ യുവതിയുടെ ഭർത്താവ് യുവാവിനെ കൈകാര്യം ചെയ്തു. തുടർന്ന് മറ്റു യാത്രക്കാരും ഭർത്താവിനൊപ്പം കൂടി.

വിമാനം ലാൻഡ് ചെയ്തതോടെ എയർലൈൻസ് അധികൃതർ എയർപോർട്ട് മാനേജർക്ക് വിവരം കൈമാറി. തുടർന്ന് സിഐഎസ്എഫ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ ഭർത്താവിൻ്റെ മർദ്ദനത്തിൽ യുവാവിൻ്റെ മൂക്കിനു പരിക്ക് പറ്റി. വിമാനത്താവളത്തിലെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചശേഷം യുവാവിനെ വലിയതുറ പൊലീസിന് കൈമാറി. പരാതിക്കാരോട് സ്റ്റേഷനിലെത്താൻ നിർദേശിച്ച പൊലീസ് യുവാവിന്റെ സഹോദരനെയും വിളിച്ചുവരുത്തി. തുടർന്ന് യുവാവിൻ്റെ കുടുംബം യുവതിയും ഭർത്താവുമായും സംസാരിച്ച് സംഭവം ഒത്തുതീർപ്പാക്കി. തുടർന്ന് പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ഇയാളെ താക്കീത് നൽകി ബന്ധുക്കൾക്ക് ഒപ്പം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like