ശ്വാനസേനയിലെ മികവിനുളള മെഡല്‍ ഓഫ് എക്സലന്‍സ് പുരസ്കാരങ്ങള്‍, സംസ്ഥാന പോലീസിൻ്റെ ബിഗ് സല്യൂട്ടും
തിരുവനന്തപുരം: കുറ്റകൃത്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് കുറ്റവാളികളെ വലയിലാക്കാൻ പോലീസിനൊപ്പം കരുത്തായി ശ്വാന സേനയുണ്ട്. പല സുപ്രധാന കേസ്സുകളും തെളിയിക്കുന്നതിൽ കേരള പോലീസിൻ്റെ ശ്വാന സേന നിർണ്ണായകമായ പങ്കാണ് വഹിച്ച് കൊണ്ടിരിക്കുന്നത്. കൃത്യമായ പരീശീലനത്തിലൂടെ ഈ ശ്വാനന്മാർ കുറ്റവാളികളെ കണ്ടെത്തുന്നതിൽ ഉയർന്ന മികവാണ് പുലർത്തുന്നത്. ഈ സവിശേഷ സന്ദർഭത്തിലാണ് പോലീസ് സേന ഈ ശ്വാന വീരർക്ക് ബിഗ് സല്യൂട്ട് നല്കിയത്. കേരള പോലീസിന്‍റെ കെ9 സ്ക്വാഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് നായകള്‍ക്കും അവയുടെ ഹാന്‍റ്ലര്‍മാര്‍ക്കും മെഡല്‍ ഓഫ് എക്സലെന്‍സ് പുരസ്കാരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വിതരണം ചെയ്തു. 2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ചുവരെ വിവിധ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച 10 പോലീസ് നായകള്‍ക്കും അവയുടെ ഹാന്‍റ്ലര്‍മാര്‍ക്കുമാണ് മെഡലുകളും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്. ആലപ്പുഴ കെ9 യൂണിറ്റിലെ സച്ചിന്‍, കോട്ടയം ജില്ലയിലെ ബെയ്ലി, ചേതക്, തൃശൂര്‍ സിറ്റിയിലെ ജിപ്സി, തൃശൂര്‍ റൂറല്‍ ഡോഗ് സ്ക്വാഡിലെ റാണ, സ്റ്റെല്ല, പാലക്കാട് ജില്ലയിലെ റോക്കി, മലപ്പുറത്തെ ബ്രൂട്ടസ്, കോഴിക്കോട് റൂറല്‍ ബാലുശ്ശേരി കെ9 യൂണിറ്റിലെ രാഖി, കാസര്‍ഗോഡ് ജില്ലയിലെ ടൈസണ്‍ എന്നീ പോലീസ് നായ്ക്കളാണ് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് മെഡല്‍ സ്വീകരിച്ചത്.
ആലപ്പുഴ കെ9 യൂണിറ്റിലെ സി.പി.ഒമാരായ ശ്രീകാന്ത്.എസ്, നിഥിന്‍പ്രഭാഷ്, കോട്ടയം കെ9 യൂണിറ്റിലെ എ.എസ്.ഐ ആന്‍റണി.റ്റി.എം, എസ്.സി.പി.ഒമാരായ സജികുമാര്‍.എസ്, ബിനോയ്.കെ.പി, ജോസഫ്.വി.ജെ എന്നിവര്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് ഡോഗ് ഹാന്‍റ്ലേഴ്സിനുളള മെഡല്‍ ഓഫ് എക്സലെന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. തൃശ്ശൂര്‍ സിറ്റിയിലെ സി.പി.ഒമാരായ അലോഷ്യസ്.പി.ഡി, സുനില്‍.എ.എസ്, തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ രാകേഷ്.പി.ആര്‍, ജോജോ.പി.ഒ, റിനു ജോര്‍ജ്ജ്, ബിപിന്‍ദാസ് എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. പാലക്കാട് കെ9 യൂണിറ്റിലെ കമാന്‍റോ അരുണ്‍ പ്രകാശ്.പി.ആര്‍, പി.സി രമേഷ്.റ്റി, മലപ്പുറത്തെ സി.പി.ഒമാരായ അരുണ്‍.എ, നിഥിന്‍രാജ്.ആര്‍ എന്നിവരും പുരസ്കാരങ്ങള്‍ സ്വീകരിച്ചു. കോഴിക്കോട് റൂറല്‍ ബാലുശ്ശേരി കെ9 യൂണിറ്റിലെ സി.പി.ഒമാരായ വിജില്‍.എം.വി, സുജീഷ്.പി.വി, കാസര്‍ഗോഡ് ജില്ലയിലെ സി.പി.ഒമാരായ ശ്രീജിത്ത് കുമാര്‍.പി, രജിത്ത്.പി എന്നിവര്‍ക്കും ഹാന്‍റ്ലേഴ്സിനുളള മെഡല്‍ ഓഫ് എക്സലെന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കുറ്റകൃത്യങ്ങൾ കൂടുന്ന നവലോകത്ത് ശ്വാന സേന കൂടി ഇനി അലർട്ടായാലെ കുറ്റവാളികൾക്ക് ക്കിട്ടാൻ സാധിക്കൂ..