അവർ ആ മോനെ കൊന്നതാണ് : പരാതിയുമായി രാഹുലിന് മുന്നിൽ ബന്ധുക്കൾ ബിന്ദുവിനെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിൻ്റെ ആക്രമണത്തിനിരയാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കൽപ്പറ്റ പാറ വയൽ കോളനിയിലെ വിശ്വനാഥൻ്റെ വീട്ടിൽ രാഹുൽ ഗാന്ധി എം.പി. എത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂടെ പോയ വിശ്വനാഥനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നതാണന്ന ഉറച്ച നിലപാടിലാണ് കുടുംബം.കഴിഞ്ഞ ദിവസം മരിച്ച വിശ്വനാഥൻ്റെ ഭാര്യ ബിന്ദുവിനെയും അമ്മയെയും സന്ദർശിക്കാൻ രാഹുൽ ഗാന്ധി എം.പി. എത്തിയപ്പോൾ നിറകണ്ണുകളോടെയാണ് ബിന്ദു രാഹുൽ ഗാഡിക്കരികിലെത്തിയത്. കാര്യങ്ങൾ കുടുംബാംഗങൾ വിവരിക്കുമ്പോൾ പലതവണ ബിന്ദു വിങ്ങിപ്പൊട്ടി. പിന്നെ, കൈയ്യിലിരിക്കുന്ന കുഞ്ഞിൻ്റെ മുഖത്തേക്ക് കണ്ണൂനീരോടെ നോക്കി ,വീണ്ടും വിങ്ങിപ്പൊട്ടി. വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വനാഥൻ - ബിന്ദു ദമ്പതികൾക്ക് കഴിഞ്ഞ ദിവസം ഒരു കുഞ്ഞ് പിറന്നത്. ആ കൺമണിയെ കൺനിറയെ കാണും മുമ്പ് വിധിയുടെ ക്രൂരതക്ക് വിശ്വനാഥൻ ഇരയായി. ആ മോനെ അവർ അടിച്ചു കൊന്നതാണ്, അലമുറയിട്ട് ബിന്ദുവിൻ്റെ അമ്മ ലീല ഇടക്കിടെ പറയുന്നുണ്ടായിരുന്നു. വിശ്വനാഥൻ്റെ അനുജൻ വിനോദും ഇതേ പരാതിയാണ് രാഹുൽ ഗാന്ധിയോട് പറഞ്ഞത്. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച ആദിവാസി യുവാവ് കൽപ്പറ്റ അഡ്ലെയ്ഡ് പാലവയൽ കോളനിയിലെ വിശ്വനാഥൻ കഴിഞ്ഞ ദിവസം ആണ് മരിച്ചത്. മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശ്വനാഥൻ്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ അന്ന് തന്നെ ആരോപണം ഉന്നയിച്ചിരുന്നു . മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ എം.പി., എം.എൽ.എ, മാരായ ടി. സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ബിന്ദുവിനെയും കുടുംബത്തെയും സന്ദർശിച്ചു. മുഴുവൻ പ്രശ്നങ്ങളും കേട്ടറിഞ്ഞ ശേഷം എം.പി. വിഷയം ഗൗരവമായി കേരള സർക്കാരിനെ ധരിപ്പിക്കുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. പ്രസവ ചിലവുകൾക്കായി ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് വിശ്വനാഥൻ കൊണ്ടുപോയ പണം മോഷണ തുകയാണന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്ന് ബന്ധുക്കൾ എം.പി.യോട് പറഞ്ഞു.