ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം.
- Posted on November 03, 2025
 - News
 - By Goutham prakash
 - 25 Views
 
                                                    വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം
മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാര്‍ക്ക് ജര്‍മ്മനിയിലെ 'ദി പ്ലേഫോര്‍ഡ്സ്' മ്യൂസിക്കല്‍ ബാന്‍ഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അപൂര്‍വ അവസരം.
കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബര്‍ 7 മുതല്‍ 9 വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രമാണ് ഇതിലേക്ക് വഴിതുറന്നത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കേള്‍വിക്കാരായുള്ള ആദ്യകാല യൂറോപ്യന്‍ സംഗീതമേളകളില്‍ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവല്‍.
ശ്രീ സ്വാതി തിരുനാള്‍ ഗവണ്‍മെന്‍റ് സംഗീത കോളേജില്‍ പഠിച്ച അരുണിത പ്രൊഫഷണല്‍ വീണാ വാദകയാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍, പാശ്ചാത്യ സംഗീതം എന്നിവ വയലിനില്‍ വായിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ആന്യ പ്രൊഫഷണല്‍ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളില്‍ പേരുകേട്ടയാളാണ്.
ജര്‍മ്മന്‍ സാഹിത്യ ഇതിഹാസം ജോഹാന്‍ വുള്‍ഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജന്‍മനാടായ വെയ്മറില്‍ നിന്നുള്ള ബാന്‍ഡായ 'ദി പ്ലേഫോര്‍ഡ്സി ' നൊപ്പമാണ് സഹോദരിമാര്‍ സംഗീതപരിപാടി അവതരിപ്പിക്കുക. 'അപ്പോണ്‍ എ ഗ്രൗണ്ട് ' എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി.
17 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ ജര്‍മ്മന്‍ ഗാനങ്ങളുടെയും നൃത്തത്തിന്‍റെയും അവതരണത്തില്‍ പേരുകേട്ട നിരവധി അന്താരാഷ്ട്ര സംഗീതജ്ഞര്‍ 'ദി പ്ലേഫോര്‍ഡ്സ്' ബാന്‍ഡിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
ആദ്യകാലങ്ങളിലെ പരമ്പരാഗത സംഗീത-നൃത്തനൃത്യങ്ങള്‍ സംയോജിപ്പിച്ച മികച്ച കലാരൂപമാക്കി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2011 ലാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവല്‍ ആരംഭിച്ചത്.
ഫെബ്രുവരി 27 ന് കൊച്ചിയില്‍ നടന്ന ദി പ്ലേഫോര്‍ഡ്സിന്‍റെ സംഗീത പരിപാടിയിലെ ഇന്തോ-ജര്‍മ്മന്‍ ഫ്യൂഷന്‍ അവതരണത്തിന് പ്രേക്ഷകശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാനായത് ശ്രദ്ധേയം.
യുവ സംഗീതജ്ഞര്‍ക്ക് ആദ്യകാല യൂറോപ്യന്‍ സംഗീതത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള മികച്ച അവസരമാണ് ഫെസ്റ്റിവലിലേക്കുള്ള ക്ഷണത്തിലൂടെ ലഭിക്കുന്നതെന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയിലെ ഓണററി കോണ്‍സല്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള ശില്പശാലകളിലും സെഷനുകളിലും പങ്കെടുക്കാനും ആദ്യകാല യൂറോപ്യന്‍ സംഗീതത്തില്‍ കൂടുതല്‍ പരിശീലനം നേടാനും അവര്‍ക്കിതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാകാരികളുടെ യാത്രാച്ചെലവ്, താമസം എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും ദി പ്ലേഫോര്‍ഡ്സും പ്ലേഗ്രൗണ്ടും വഹിക്കും.
