കുംഭാര സമുദായക്കാര്‍ക്ക് പരമ്പരാഗത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കണം: നിയമസഭാ സമിതി

കളിമണ്‍ ഖനനത്തിനായും മറ്റും ലൈസന്‍സ് നല്‍കുന്നതിന്റെ കാലതാമസം ഒഴിവാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു

തൃശൂർ: കുംഭാര സമുദായക്കാര്‍ക്ക് (മൺ പാത്രനിർമ്മാണം) നിലവിലെ തടസ്സങ്ങള്‍ നീക്കി അവരുടെ പരമ്പരാഗത സ്വയം തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുക്കിക്കൊടുക്കണമെന്ന് കേരള നിയമസഭാ സെക്രട്ടേറിയേറ്റ് പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നിര്‍ദ്ദേശിച്ചു. കളിമണ്‍ ഖനനത്തിനായും മറ്റും അവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ കാലതാമസം ഒഴിവാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. വരുന്ന പരാതികളോടനുബന്ധമായി സമിതി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കാലതാമസമില്ലാതെ സമയബന്ധിതമായി നല്‍കണമെന്നും, പിന്നോക്ക സമുദായ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ നിന്ന് ലഭിച്ച ഹര്‍ജികളിന്മേലും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹര്‍ജികളിന്മേലും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന്  സമിതി തെളിവെടുപ്പ് നടത്തി. ചവളക്കാരന്‍, കുംഭാര എന്നീ സമുദായങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക, കേരള കുംഭാര സമുദായ സഭ,  കേരള കളരിക്കുറുപ്പ്, കളരിപ്പണിക്കര്‍, കേരള വില്‍ക്കുറുപ്പ് എന്നീ സമുദായങ്ങളുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കുക തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളാണ് സമിതിയില്‍ പരിഗണിച്ചത്. പുതിയ നാല് പരാതികളും സമിതിയ്ക്ക് ലഭിച്ചു.

കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ സമിതിയുടെ ചെയര്‍മാന്‍ പി എസ് സുപാല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  എംഎല്‍എമാരായ കെ ബാബു (നെന്മാറ), കുറുക്കോളി മൊയ്തീന്‍,                      എ പ്രഭാകരന്‍, കെ കെ രാമചന്ദ്രന്‍, ജി സ്റ്റീഫന്‍, വി ആര്‍ സുനില്‍കുമാര്‍, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author
No Image
Journalist

Dency Dominic

No description...

You May Also Like