ചെറുധാന്യ കർഷകർ ചൂഷണത്തിന് വിധേയരാവരുതെന്നത് സർക്കാർ നയം : മന്ത്രി പി. പ്രസാദ്

  • Posted on January 13, 2023
  • News
  • By Fazna
  • 32 Views

പാലക്കാട്: ചെറുധാന്യ കർഷകർ ചൂഷണത്തിന് വിധേയരാവരുതെന്നത് സർക്കാർ നയമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം സംസ്ഥാനതല ഉദ്ഘാടനവും മില്ലറ്റ് വില്ലേജ്, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്-അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത ചെറുധാന്യങ്ങളുടെ വിളവെടുപ്പ് ഉത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . അട്ടപ്പാടി പൊട്ടിക്കലിൽ ആദിവാസി കർഷകർക്കാപ്പം റാഗി കൊയ്തെടുത്തായിരുന്നു മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

കൃഷി ചെയ്യുന്ന കർഷകൻ തന്നെ സംഭരണം, സംസ്ക്കരണം, വിപണനം എന്നിവ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് ചെറു ധാന്യപദ്ധതി. ഇതിൽ ഒരു ഇടനിലക്കാരനെയും അനുവദിക്കില്ല. കൃഷി വകുപ്പും സർക്കാർ സംവിധാനങ്ങളും കർഷകരെ സഹായിക്കാൻ വേണ്ടി മാത്രമായി പ്രവർത്തിക്കും. രാജ്യത്തിന് മാതൃകയാവുന്ന ചെറുധാന്യഗ്രാമമായി അട്ടപ്പാടി മാറുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര എന്നിവയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചതായും മന്ത്രി അറിയിച്ചു. ഭൗമസൂചിക പദവി ലഭിച്ചതിലൂടെ കർഷകർക്ക് ഉത്പന്നങ്ങളുടെ വിപണനം കൂടുതൽ ആവാൻ സഹായിക്കും. കീടനാശിനി ചേരാത്ത തനതായ ചെറുധാന്യത്തിന് ഇന്ത്യയിലും വിദേശത്തും വലിയ വിപണിയാണ് ഉള്ളത് അത് പ്രയോജനപ്പെടുത്തുമെന്നും ഇതിനുവേണ്ടി അന്താരാഷ്ട്ര നിലവാരമുള്ള പാക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങുമായി ചേർന്ന് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. 

കൃഷി ചെയ്യുന്ന കർഷകന് മികച്ച വില ലഭിക്കുന്നതിന് മൂല്യ വർധിത ഉത്പാദനം  കർഷകർക്ക് തന്നെ സാധ്യമാവണം. കർഷകനെ ഇതിന് പ്രാപ്തനാക്കാനുള്ള എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. കർഷകനെ കമ്പനി ഉണ്ടാക്കുന്നതിനും വിപണനം സാധ്യമാക്കുന്നതിനും കൃഷിവകുപ്പ് സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂല്യ വർധിത കൃഷി മിഷൻ രൂപീകരിക്കുന്നത്. 11 വകുപ്പുകൾ ഇതിൽ കർഷകനെ സഹായിക്കും. വരും വർഷങ്ങളിൽ 2109 കോടി രൂപ ഇതിനു വേണ്ടി മുടക്കും. മൂല്യ വർധിത ഉത്‌പന്നങ്ങളുടെ വിപണത്തിനുവേണ്ടി കേരള അഗ്രോ ബിസിനസ് കമ്പനിയും കാപ്ക്കോ എന്ന പേരിൽ മറ്റൊരു കമ്പനിയും രൂപീകരിക്കും. കർഷകരുടെയും ആദിവാസികളുടെയും ഉൽപ്പന്നങ്ങളുടെ വിപണനമാണ് ഇവ ലക്ഷ്യം വെക്കുന്നത്. കർഷകന് പങ്കാളിത്തം നൽകി സിയാൽ മാതൃകയിൽ ഒരു കമ്പനിയായിരിക്കും രൂപീകരിക്കുക.  ഗോതമ്പ്, അരി എന്നിവയെക്കാൾ മികച്ച ഭക്ഷണമാണ് ചെറുധാന്യങ്ങൾ എന്ന് ലോകം തിരിച്ചറിയുകയാണ് ഇത് അട്ടപ്പാടിക്ക് വലിയ സാധ്യതയാണ്. ചെറുധാന്യ കൃഷിക്ക് വേണ്ടി എസ്.ടി. വകുപ്പ് 130 ലക്ഷവും കൃഷി വകുപ്പ് 320 ലക്ഷം രൂപയും ഇതിനകം പ്രയോജനപ്പെടുത്തി കഴിഞ്ഞു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 67 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ്.  അട്ടപ്പാടി ചെറു ധാന്യ കൃഷി പദ്ധതിയിലൂടെ 14000 കിലോ ധാന്യം സംഭരിക്കാനും മൂല്യ വർദ്ധിത ഉത്‌പന്നങ്ങൾ ആക്കാനും കഴിഞ്ഞിട്ടുണ്ട്. ചെറുധാന്യ കർഷകർക്ക് വേണ്ടി ആരംഭിച്ച ഫാർമേഴ്സ് കമ്പനി മാതൃകയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തി കമ്പനികൾ രൂപീകരിക്കാനും ആലോചനയുണ്ട്.

വന്യമൃഗ ശല്യം മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകന് നിലവിൽ വനം വകുപ്പ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ എന്നിവരാണ് സഹായം നൽകുന്നത്. കർഷകൻ സമൂഹത്തിന് വേണ്ടി ജോലി ചെയ്യുന്നവനാണ് എന്ന് ഉൾക്കൊണ്ട് കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് തുക മാറ്റിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.

അഗളി ഗ്രാമപഞ്ചായത്തിലെ ചെമ്മണ്ണൂരില്‍ നടന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ മുതിര്‍ന്ന കര്‍ഷകനായ ചെമ്മണ്ണൂര്‍ ചെല്ല മൂപ്പനെ ആദരിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാർ , ജില്ലാ പഞ്ചായത്ത് അംഗം പി.സി.നീതു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എസ്. സനോജ്, ജോസ് പനയ്ക്കാമറ്റം, എ. സെന്തിൽ കുമാർ , കൃഷിവകുപ്പ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ അഗ്രിക്കൾച്ചർ പ്രൈസസ് ബോർഡ് ചെയർമാൻ പി.രാജശേഖരൻ , പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ. സരസ്വതി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like