ബ്രഹ്മപുരത്ത് നടൻ മമ്മൂട്ടിയും, ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് ഒരുക്കുന്ന മൊബൈൽ മെഡിക്കൽ ക്യാമ്പിന് തുടക്കം.

കൊച്ചി: പുകയില്‍ ശ്വാസംമുട്ടിക്കഴിയുന്ന ബ്രഹ്മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായമേകി സൌജന്യ മൊബൈൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തനം തുടങ്ങി. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ആലുവ രാജഗിരി ആശുപത്രിയും കൈകോർത്തുകൊണ്ടാണ് ബ്രഹ്മപുരം മേഖലയിൽ സൗജന്യ പരിശോധനയ്‌ക്ക് തുടക്കം കുറിച്ചത്. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലൂടെ മരുന്നുകളും, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റിന്റെ പര്യടനം. ഡോ.ബിജു രാഘവന്റെ നേതൃത്വത്തിൽ നഴ്സും, പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്നതാണ് മെഡിക്കൽ സംഘം. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും, ഒപ്പം പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌കുകളും സൗജന്യമായി നല്‍കിയാണ് ഇവർ ഓരോ വീടും കയറി ഇറങ്ങുന്നത്. മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി.പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അതി വിദ്ഗദ സംഘം സജ്ജമാണെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിളളി അറിയിച്ചു. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും, വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്മപുരത്തെ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ 7736584286 എന്ന നമ്പരില്‍ ബന്ധപ്പെടാം.
സ്വന്തം ലേഖകൻ .