ഡോ.കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രൊഫ. ഡോ. പി.ഒ. നമീറിന്
- Posted on November 11, 2023
- Localnews
- By Dency Dominic
- 155 Views
ദേശീയ, അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്ന അക്കാദമീഷ്യനും ശാസ്ത്രജ്ഞനുമാണ് ഡോ.പി.ഒ. നമീർ
തിരുവനന്തപുരം: നാലാമത് ഡോ.കമറുദ്ദീൻ പരിസ്ഥിതി പുരസ്കാര ജേതാവായി കേരള കാർഷിക സർവകലാശാലയുടെ കോളേജ് ഓഫ് ഫോറസ്ട്രിയിലെ വന്യജീവിശാസ്ത്ര വിഭാഗം തലവനും, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീനുമായ പ്രൊഫ. ഡോ. പി.ഒ. നമീറിനെ തെരഞ്ഞെടുത്തു. അന്തർ ദേശീയ അക്കാദമിക ബോഡികളിലടക്കം ജൈവ-പരിസ്ഥിതി മേഖലകളിൽ വിവിധ തലങ്ങളിലായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ഡോ. നമീറിന്റെ ഈ മേഖലയിലെ സംഭാവനകളുടെ മൂല്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ ബഹുമതി നൽകുന്നതെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ ഡോ. ജോർജ് എഫ്. ഡിക്രൂസും, അംഗങ്ങളായ എഴുത്തുകാരി ഒ.വി.ഉഷ, ഡോ.സുഹ്റ ബീവി ഡോ.മധുസൂദനൻ വയലാ എന്നിവരും പറഞ്ഞു.
ഏകകണ്ഠമായാണ് ഡോ. നമീറിനെ അവാർഡിനായി തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തിപത്രം ഫലകവും അടങ്ങിയ പുരസ്കാരം 2023 നവംബർ 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേരള സർവ്വകലാശാല കാര്യവട്ടം ബോട്ടണി ഡിപ്പാർട്ടുമെൻറിൽ നടക്കുന്ന ഡോ.കമറുദ്ദീൻ അനുസ്മരണ സമ്മേളനത്തിൽ വിഖ്യാത പത്രപ്രവർത്തകനും , ടെലഗ്രാഫ് എഡിറ്റർ-അറ്റ്- ലാർജ് ആർ.രാജഗോപാൽ സമ്മാനിക്കുമെന്ന് കെ.എഫ്.ബി.സി ഭാരവാഹികളായ ഡോ. ബി. ബാലചന്ദ്രനും സാലി പാലോടും അറിയിച്ചു.
അന്തരിച്ച പ്രമുഖ പരിസ്ഥിതി സമര നായകനും കേരള യൂനിവേഴ്സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്ന ഡോ. കമറുദ്ദീന്റെ ഓർമക്കായാണ് ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവഴ്സിറ്റി കൺസർവേഷൻ (കെ.എഫ്.ബി.സി) 2020 മുതൽ ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്ത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ആതിരപ്പള്ളി വാഴച്ചാൽ സമരനായിക ഗീത വാഴച്ചാൽ, പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തക ദയാബായി എന്നിവർക്കായിരുന്നു മുൻവർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.
ദേശീയ, അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്ന അക്കാദമീഷ്യനും ശാസ്ത്രജ്ഞനുമാണ് ഡോ.പി.ഒ. നമീർ. മുപ്പതിലേറെ വർഷമായുള്ള അദ്ദേഹത്തിെന്റെ പ്രവർത്തനങ്ങൾ പശ്ചിമഘട്ട ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ തനതായ സംഭാവനകൾ നൽകിയിട്ടുണ്ട്.
സംസ്ഥാനതല തണ്ണീർത്തട മോണിറ്ററിംഗ് കമ്മിറ്റി എക്സ്പേർട്ടായി പ്രവർത്തിക്കുന്ന അദ്ദേഹത്തിെന്റെ ശ്രമഫലമായാണ് കേരളത്തിലെ കോൾ നിലങ്ങൾ "രംസാർ " സംരക്ഷണ പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ ആദ്യമായി പക്ഷികളുടെ അറ്റ്ലസും, ഇന്ത്യൻ സസ്തനികളുടെ ചെക്‌ലിസ്റ്റും തയ്യാറാക്കിയത് അദ്ദേഹമാണ്. ചാലക്കുടിപ്പുഴയുടെ നീർമറിപ്രദേശത്തെ മാപ്പിങ് നടത്തുക വഴി നാല് ജില്ലകളുടെ കാർഷിക ഭൂപടത്തെ പുനർനിർണയിക്കാൻ സഹായിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പ്രാദേശികമായി മനസ്സിലാക്കാൻ അദ്ദേഹം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ആയ കാർബോഫുട്ട് 2023 ശ്രദ്ധേയമാണ്. കാർബൺ ഫുട്ട് പ്രിന്റ് എന്നത് ഒരു രാജ്യമോ, പ്രദേശമോ, വ്യക്തിയോ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ശരാശരി അളവിന്റെ സൂചകമാണ്. അത് തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന മൊബൈൽ ആപ്പ് ആണ് കാർബോഫുട്ട്.
1990 മുതൽ ഏഷ്യൻ നീർപക്ഷികളുടെ സെൻസസ് സംസ്ഥാനതല കോഡിനേറ്ററായും 2000 മുതൽ ഇന്ത്യൻ പക്ഷിസംരക്ഷണ ശൃംഖലയുടെ (IBCN) സംസ്ഥാന കോഡിനേറ്ററായും പ്രവർത്തിക്കുക വഴി സംസ്ഥാനത്തിലെ 35 പക്ഷി-ജൈവവൈവിധ്യമേഖലകൾ ഐ.ബി.എ.എസ് (Bird and Biodiversity Areas ) സംരക്ഷണപട്ടികയിൽ ഇടം നേടുകയുണ്ടായി. തെക്കനേഷ്യൻ രാജ്യങ്ങളിലെ ചെറു സസ്തനികളുടെയും ഉഭയജീവികളുടെയും സംരക്ഷണത്തിനായി ഇൻറർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ച്യൂറൽ റിസോഴ്‌സിെൻറ (ഐ.യു.സി.എൻ) സഹായത്തോടെ നടത്തിയ പ്രവർത്തനങ്ങൾ അന്തർദേശീയ ശ്രദ്ധ ലഭിച്ചവയാണ്. ഡോ. കമറുദ്ദീൻ മുന്നോട്ട് വെച്ച പരിസ്ഥിതി, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായി ഉജ്ജ്വല മാനം നൽകിയ വ്യക്തിത്വമാണ് ഡോ. പി.ഒ. നമീർ .