പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് ധനസഹായം നവംബർ വരെ അപേക്ഷിക്കാം.

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്  നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രുപ വരെയാണ് ഒറ്റത്തവണയായി ധനസഹായം ലഭിക്കുക. അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.kerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യരേഖകളായ, ഭരണ സമിതി തീരുമാനം, പ്രൊജക്റ്റ് റിപ്പോർട്ട്, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ട്, താല്ക്കാലിക കടധനപട്ടിക എന്നിവയുടെ   പകര്‍പ്പുകള്‍ സഹിതം 2025 നവംബര്‍ 20  നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്റര്‍, മൂന്നാം നില, തൈയ്ക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ തപാലായി ലഭ്യമാക്കേണ്ടതാണ്.   സഹകരണ സംഘങ്ങളുടെഅടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും.  


അപേക്ഷിക്കുന്ന സമയത്ത്  സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം.  എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികളോ/തിരിച്ചെത്തിയ പ്രവാസികളോ ആകണം.  ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം.  പൊതു ജനതാല്പര്യമുളള ഉല്പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങൾ  (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മത്സ്യമേഖല, മൂല്യവർദ്ധിത  ഉല്പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണമേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേർക്കെങ്കിലും  തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് അല്ലെങ്കിൽ  നിലവിലുളള സംരംഭങ്ങൾ  മേൽപ്രകാരം തൊഴിൽ  ലഭ്യമാകത്തക്ക തരത്തിൽ  വികസിപ്പിക്കുന്നതിനുമാണ് പ്രവർത്തന  മൂലധനം. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ , സംഘത്തിലെ അംഗങ്ങൾ  ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ്  ധനസഹായം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like