അറവുശാലയിൽ നിന്നും ഇനി വാദ്യ മേളങ്ങളുയരും
അറവുശാല ഓഡിറ്റോറിയമായി നവീകരിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു

മൂവാറ്റുപുഴ: രണ്ടു കോടിയോളം രൂപ ചെലവഴിക്കുകയും,എട്ടു തവണ ഉദ്ഘാടനം നടത്തുകയും ചെയ്ത അത്യാധുനിക അറവുശാലയിൽ ഇനി വിവാഹ മണ്ഡപം ഒരുങ്ങും. അറവുശാല ഓഡിറ്റോറിയമായി നവീകരിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്നു ഹൈക്കോടതിയാണ് കുറ്റമറ്റ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതു വരെ അറവുശാല അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.
എന്നാൽ 8 വർഷം പിന്നിട്ടിട്ടും അറവുശാലയിൽ മാലിന്യം സംസ്കരണ സംവിധാനം ഒരുക്കാനും അറവുശാല തുറന്നു പ്രവർത്തിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാൻ നഗരസഭ തയാറായില്ല. അറവുശാലയിലെ തുരുമ്പെടുത്ത ഉപകരണങ്ങൾ മുഴുവൻ മോഷ്ടാക്കൾ എടുത്തുകൊണ്ടു പോകുകയും ചെയ്തു. ഇനിയും ഇവിടെ അറവുശാല പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിഞ്ഞാണു കെട്ടിടം ഓഡിറ്റോറിയമായി നവീകരിക്കാൻ നഗരസഭ നടപടികൾ ആരംഭിച്ചിരിക്കുന്നത്.