വേനല്‍ചൂട്: പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
- Posted on March 11, 2023
- News
- By Goutham Krishna
- 175 Views
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിർത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം ചെലവിനായി ഇതിനകം തന്നെ ജില്ലകള്‍ക്ക് പണം കൈമാറിയിട്ടുണ്ട്.
വരുംദിവസങ്ങളില്‍ വിശിഷ്ടവ്യക്തികള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. അവര്‍ക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. നിർജലീകരണം സംഭവിക്കാതിരിക്കാൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കാനും ലൈസന്‍സ് ഇല്ലാത്ത ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. പെട്രോളിങ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. പോലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി പാത്രങ്ങളില്‍ വെള്ളം കരുതണം.
അടിയന്തിരഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലും 04712722500, 9497900999 എന്ന നമ്പറില്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
പ്രത്യേക ലേഖകൻ