ശിഷ്യർ ഒരുക്കിയ ഓൺലൈൻ‌ സ്‌ക്രീനിൽ സാനുമാസ്റ്റർക്കു 94 ആം പിറന്നാൾ

സാഹിത്യാസ്വാദകരും ശിഷ്യരും സമ്മേളിക്കുന്ന സൗഹൃദങ്ങളിലാണ്‌ സാനു മാസ്‌റ്റർക്ക്‌ സന്തോഷമെങ്കിലും കോവിഡ്‌ കാലമായതിനാൽ 94–-ാംപിറന്നാൾ ഓൺലൈനിലായി. വീട്ടിലെ ലാൻഡ്‌ ഫോണിൽ വിളിച്ച്‌ ആദ്യം ആശംസ നേർന്നത്‌ മുഖ്യമന്ത്രി  തുടർന്ന്‌ എറണാകുളം ബോൾഗാട്ടി പാലസിൽ പിറന്നാളിനോടനുബന്ധിച്ച്‌ ശിഷ്യർ ഒരുക്കിയ വലിയ ഓൺലൈൻ‌ സ്‌ക്രീനിലേക്ക്‌ ആശംസാപ്രവാഹം. 

ചൊവ്വാഴ്‌ച രാവിലെമുതൽ എറണാകുളം കാരിക്കാമുറിയിലെ ‘സന്ധ്യ’യിലേക്ക്‌ പിറന്നാൾ ആശംസകൾ പ്രവഹിച്ചുതുടങ്ങി. സമൂഹത്തിന്‌ നന്മയുടെ വെളിച്ചമേകാൻ ഇനിയുമേറെ എഴുതാനാകട്ടെ എന്ന്‌, ഫോണിൽ ആശംസ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓൺലൈൻ ആഘോഷത്തിന്‌ ശിഷ്യർ ഒരുക്കിയ ബോൾഗാട്ടി പാലസ്‌ വേദിയിലേക്ക്‌ ‌രാവിലെ 10ന്‌ എത്തിയ പ്രൊഫ. എം കെ സാനു, വൈകിട്ട്‌ പുരസ്‌കാരച്ചടങ്ങുകൂടി കഴിഞ്ഞാണ്‌ മടങ്ങിയത്‌. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ, മന്ത്രിമാരായ എ കെ ബാലൻ, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, വി എസ്‌ സുനിൽകുമാർ, കേന്ദ്രമന്ത്രി വി മുരളീധരൻ, നടൻ മോഹൻലാൽ,  പി രാജീവ്‌,  സി എൻ മോഹനൻ എന്നിവരും ആശംസ നേർന്നു. 


പിറന്നാൾസദ്യ ശിഷ്യർക്കൊപ്പം ബോൾഗാട്ടിയിൽത്തന്നെ. വൈകിട്ട്‌ പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ പുരസ്‌കാരം പ്രൊഫ. എം തോമസ്‌ മാത്യുവിന്‌ സമ്മാനിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്‌ മൂന്നുവർഷം കൂടുമ്പോൾ പ്രഖ്യാപിക്കുന്ന പുരസ്‌കാരം എം കെ സാനുവും ഹൈബി ഈഡൻ എംപിയും എംഎൽഎമാരായ എസ്‌ ശർമയും ടി ജെ വിനോദും ചേർന്നാണ്‌ സമ്മാനിച്ചത്‌. പ്രസ്‌ക്ലബ്‌ സെക്രട്ടറി പി ശശികാന്ത്‌ നന്ദി പറഞ്ഞു.


Author
ChiefEditor

enmalayalam

No description...

You May Also Like