പഞ്ചിം​ഗ് രേഖപ്പെടുത്തി ലീവ് ആകുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ സെക്രട്ടറിയേറ്റിൽ അക്സസ് കൺട്രോൾ സംവിധാനം

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ അക്സസ് കൺട്രോൾ സംവിധാനം നിർബന്ധമാക്കി ഉത്തരവിറങ്ങി. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ ഒന്നാം തീയതി മുതൽ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ ഉത്തരവിറക്കി. ജീവനക്കാരുടെ എതിർപ്പ് മറികടന്നാണ് തീരുമാനം. ഇനി ജീവനക്കാർ ഓഫീസിന് അകത്തേക്കും പുറത്തേക്കും പോകുന്നതിന് അക്സസ് കൺട്രോൾ നിർബന്ധമാണ്. സെക്രട്ടേറിയേറ്റിലെ ജീവനക്കാരുടെ സംഘടനകൾ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ആദ്യത്തെ രണ്ട് മാസം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാൽ മാത്രമേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ.

ഓരോ ഉദ്യോഗസ്ഥനും പോകുന്ന സമയവും തിരിച്ച് കയറുന്ന സമയവും കൃത്യമായി ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. സെക്രട്ടറിയേറ്റിന്റെ സുരക്ഷയും, ജീവനക്കാരുടെ കാര്യക്ഷമതയും വർദ്ധിപ്പിക്കാനാണ് ആക്സസ് കൺട്രോൾ സംവിധാനം കൊണ്ടുവരുന്നത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലി സ്ഥലം വിട്ട് പുറത്ത് പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടു വരുന്നത്. 

അക്സസ് കൺട്രോൾ സിസ്റ്റം ഏർപ്പെടുത്തിയതിനെതിരെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിലെ ജീവനക്കാരെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നടപടിയാണിതെന്ന് ആരോപിച്ച അസോസിയേഷൻ ഇതിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാനാണ് തീരുമാനം.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham Krishna

No description...

You May Also Like