രാഹുലിന് മുഖചിത്രം സമ്മാനിച്ച് നൈല റെഷ് വയുടെ ആഗ്രഹം സഫലമായി
മീനങ്ങാടി: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹിച്ചവർ ധാരാളമാണ്. അക്കൂട്ടത്തിലൊരാളാണ് പനമരം കൈതക്കൽ പാലത്തും വീട്ടിൽ പി.വി.അബ്ദുൾ സമദിൻ്റെ മകൾ നൈല റെഷ് വ. രാഹുലിനെ കാണുമ്പോൾ സമ്മാനിക്കാൻ മാതാവ് ഷെർമില ഷെറിൻ ആണ് തുണിയിൽ നൂല് കൊണ്ട് രാഹുലിൻ്റെ മുഖചിത്രം എംബ്രോയ്ഡറി ചെയ്ത് കൊടുത്തത്. ചെറുകാട്ടൂർ
സെൻ്റ് ജോസഫ്സ് സ്കൂളിലെ യു കെ.ജി. വിദ്യാർത്ഥിനിയാണ് നൈല റെഷ് വ. മീനങ്ങാടിയിൽ പൊതുസമ്മേളനം നടക്കുമ്പോൾ ആദ്യവസാനം നൈലയും മറ്റൊരു കുട്ടിയും വേദിക്ക് പിന്നിൽ നിൽക്കുന്നത് കണ്ട രാഹുൽ ഗാന്ധി ഇവരെ അരികിലേക്ക് വിളിക്കുകയായിരുന്നു. അടുത്തെത്തിയപ്പോൾ കൈയ്യിൽ കരുതിയ ഉമ്മ നെയ്തെടുത്ത മുഖചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
പൊതിയഴിച്ച് ചിത്രം ജനങ്ങളെ കാണിച്ച രാഹുൽ ഗാന്ധി നൈലയെ ചേർത്ത് നിർത്തുകയും അഭിനന്ദിക്കുകയും ദേശീയ ഗാനത്തിന് മുന്നിൽ നിർത്തുകയും ചെയ്തു. രാഹുൽ ഗാന്ധിയെ ഒരു നോക്ക് മാത്രം കാണാൻ ആഗ്രഹിച്ച നൈല റെഷ് വക്ക് മിനിട്ടുകളോളം രാഹുലിനൊപ്പം ചേർന്ന് നിൽക്കാൻ കഴിഞ്ഞു.
കോവിഡ് കാലത്ത് യൂ ടൂ ബിൽ കണ്ടാണ് മുഖചിത്രം എംബ്രോയ്ഡറി ചെയ്യാൻ പഠിച്ചതെന്ന് നൈലയുടെ മാതാവ് ഷെർമില ഷെറിൻ പറഞ്ഞു. മകൾ രാഹുലിനെ കാണാൻ അതിയായ ആഗ്രഹം പറഞ്ഞപ്പോഴാണ് ചിത്രം തുന്നിയത്. വെള്ളമുണ്ട ഗ്രാമപഞ്ചായംഗം റംല മുഹമ്മദിൻ്റെയും തച്ചയിൽ മുഹമ്മദിൻ്റെയും മകളാണ് ഷെർമില ഷെറിൻ.