കാട്ടാക്കടയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും

  • Posted on January 24, 2023
  • News
  • By Fazna
  • 57 Views

തിരുവനന്തപുരം: സൗരോര്‍ജ്ജ പ്ലാന്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇനി തങ്ങള്‍ക്കാവശ്യമുള്ള വൈദ്യുതി സ്വയം ഉത്പാദിപ്പിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുതി പ്ലാന്റുകള്‍ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തില്‍ 56 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന്( ജനുവരി 24) കാട്ടാക്കടയില്‍ നിര്‍വ്വഹിക്കും.  

മൂന്ന് കോടി രൂപ ചെലവഴിച്ച് 56 സ്ഥാപനങ്ങളിലായി 455 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. ഈ സോളാര്‍ നിലയങ്ങളില്‍ നിന്നും പ്രതിവര്‍ഷം 6.4 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം ഒരു വര്‍ഷത്തില്‍ 510 ടണ്‍ വരെ കുറയ്ക്കുന്നതിനും സ്ഥാപനങ്ങളിലെ വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കുന്നതിനും ഇത് സഹായകരമാകും. കാട്ടാക്കട ബസ് ഡിപ്പോയിലാണ് ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബിയുടെ റീസ് വിഭാഗം വഴിയാണ് പദ്ധതി നടപ്പാക്കുക. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറ്റുവാനും പദ്ധതിയുണ്ട്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പ്രകൃതി സംരക്ഷണത്തോടൊപ്പം ഊര്‍ജ്ജ സ്വയംപര്യാപ്തതയും കാട്ടാക്കട കൈവരിക്കുമെന്നും ഐ.ബി. സതീഷ് എം.എല്‍.എ പറഞ്ഞു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, കാര്‍ബണ്‍ ആഗിരണം വര്‍ധിപ്പിക്കുക എന്നീ ആശയങ്ങളോടെ തുടക്കമിട്ട കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നു വരുന്നത്.  ഇതിന്റെ ഭാഗമായി തയാറാക്കിയ കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം മാലിന്യനിര്‍മാര്‍ജനം, ഗതാഗതം, ഊര്‍ജ്ജം എന്നീ മേഖലകളാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 'മാലിന്യ വിമുക്തം എന്റെ കാട്ടാക്കട' ക്യാമ്പയിനിലൂടെ 75 ടണ്‍ ഖരമാലിന്യമാണ് ഒരു മാസക്കാലയളവില്‍ ശേഖരിച്ചത്. സമാന്തരമായി ഊര്‍ജ്ജ മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയാണ് സൗരോര്‍ജ്ജ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like