നബാർഡ് പദ്ധതിയിൽ റോഡ് നവീകരണത്തിനും പാലത്തിനുമായി 81 കോടി രൂപയുടെ പദ്ധതികൾ

തിരുവനന്തപുരം: നബാർഡിന്റെ സഹായത്തോടെ സംസ്ഥാനത്തെ ആറു റോഡുകൾ ആധുനികനിലവാരത്തിൽ നവീകരിക്കുന്നതിനും പുതിയ ഒരു പാലത്തിനുമായി പൊതുമരാമത്ത് വകുപ്പ് 81.05 കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ചടയമംഗലം മണ്ഡലത്തിലെ കോട്ടുകാൽ- പൊതിയാറുവിള (16 കോടി രൂപ), തൃത്താല മണ്ഡലത്തിലെ കറുകപുത്തൂർ- അക്കിക്കാവ് (13.5 കോടി), കളമശ്ശേരി മണ്ഡലത്തിലെ മുപ്പത്തടം- ആറാട്ടുകടവ്- പാനായിക്കുളം (6.58 കോടി), തലശ്ശേരി മണ്ഡലത്തിലെ മാക്കുനി- പൊന്നിയംപാലം ബൈപ്പാസും അനുബന്ധ റോഡുകളും (അഞ്ച് കോടി), കഴക്കൂട്ടം മണ്ഡലത്തിലെ കട്ടച്ചക്കോണം- കരിയം, കാര്യവട്ടം- ചെങ്കോട്ടുകോണം (7.08 കോടി), ചേലക്കര മണ്ഡലത്തിലെ കൊണ്ടഴി- മായന്നൂർ (12.49 കോടി) എന്നീ റോഡുകള്‍ക്കും ബേപ്പൂർ മണ്ഡലത്തിലെ തൊണ്ടിലക്കടവ് പാലത്തിനുമാണ് (20.4 കോടി) തുക അനുവദിച്ചത്.
നബാർഡിന്റെ റൂറൽ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന്റെ (ആർഐഡിഎഫ്) സഹായത്തോടെയാണ് റോഡുകളും പാലവും നിർമിക്കുന്നത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എല്ലാ ഇടപെടലുകളും നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സ്വന്തം ലേഖകൻ