അനേകര്‍ക്ക് തണലേകിയ കൈലാസ്‌നാഥ് മടങ്ങുമ്പോഴും 7 പേര്‍ക്ക് പുതുജീവിതം നല്‍കി.

  • Posted on April 25, 2023
  • News
  • By Fazna
  • 292 Views

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ മസ്തിഷ്‌ക മരണാനന്തര കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് (23) ഇനി 7 പേര്‍ക്ക് പുതുജീവിതമാകുന്നു. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറാകുകയായിരുന്നു. തീവ്ര ദു:ഖത്തിലും കൈലാസ് നാഥിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ട് വന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും അനേകം പേര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷയാകുകയാണ്. ആ ഏഴ് വ്യക്തികള്‍ക്ക് വേണ്ടി നന്ദിയുമറിയിക്കുന്നു. കൈലാസ് നാഥിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെ തുടര്‍ന്നാണ് കൈലാസ് നാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു. മസ്തിഷ്‌ക മരണമടഞ്ഞ കൈലാസ് നാഥിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം നല്‍കി. കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിനാണ് ലഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതോടെ 4 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകകളാണ് നടന്നത്. മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.


സ്വന്തം ലേഖകൻ.


Author
Citizen Journalist

Fazna

No description...

You May Also Like