എഫ് ഡി ആർ സാങ്കേതിക വിദ്യയിലുള്ള റോഡ് നിർമാണം വ്യാപിപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കേരളം മുഴുവൻ എഫ് ഡി ആർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലയിൽ ആദ്യമായി ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിൽ നിർവഹിച്ചു സംസാരിക്കുകായിരുന്നു മന്ത്രി. ഫുൾഡെപ്ത് റിക്ലമേഷൻ (എഫ് ഡി ആർ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രണ്ട് റോഡാണ് പാറശ്ശാല മണ്ഡലത്തിൽ നിർമിക്കുന്നത്. നിലവിലുള്ള റോഡിലെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുതന്നെ റോഡുകൾ പുനർ നിർമ്മിക്കുന്ന രീതിയാണ് എഫ്.ഡി.ആർ.
ചൂണ്ടിക്കൽ - ആറാട്ടുകുഴി കുട്ടപ്പൂ- ശൂരവക്കാണി -കീഴാറൂർ - നെട്ടണി - അരുവിക്കര എന്നീ റോഡുകളുടെ നിർമ്മാണമാണ് ആരംഭിക്കുന്നത്. ചൂണ്ടിക്കൽ-ആറാട്ടുകുഴി -കുട്ടപ്പു ശുരവക്കാണി റോഡിന്റെ നിർമാണത്തിനായി 22 കോടി രൂപയും കീഴാറൂർ - നെട്ടണി -അരുവിക്കര റോഡിന്റെ നിർമ്മാണത്തിനായി 10 കോടി രൂപയുമാണ് അനുവദിച്ചത്.
ഇതോടൊപ്പം ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കിയ വെള്ളറടയിലെ നാല് റോഡുകൾ സഞ്ചാരത്തിനായി തുറന്നു കൊടുത്തു. വാവോട്- കണ്ടംതിട്ട നെടുമങ്ങാട്- ഷോർലക്കോട് (ആനപ്പാറയിൽ നിന്ന് ആരംഭിച്ച് നെട്ട വരെ ) കുതാളി -പന്നിമല- കത്തിപ്പാറ -കരിക്കോട്ടുകുഴി -വലിയവഴി- നുള്ളിയോട് എന്നീ റോഡുകളുടെ നവീകരണമാണ് പൂർത്തിയായത്. ബിഎംബിസി നിലവാരത്തിൽ റബറൈസ്ഡ് ടാറിങ് നടത്തിയാണ് റോഡുകൾ നവീകരിച്ചത്. ചടങ്ങിൽ സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷനായി.
സ്വന്തം ലേഖകൻ