വെെക്കം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള 6 ജാഥകള്‍ക്ക് 27ന് തുടക്കം
കോട്ടയം : നവോത്ഥാന കേരളത്തിന് അടിത്തറ പാകിയ വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ കോട്ടയം വൈക്കത്ത് മാര്‍ച്ച് 30 ന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഉദ്ഘാടനം ചെയ്യുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണണ്‍ അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 27, 28, 29 തീയതികളിലായി മഹാത്മജി ഛായാചിത്ര ജാഥ, വൈക്കം വീരര്‍ ഛായാചിത്ര ജാഥ, കേരള നവോത്ഥാന സ്മൃതിജാഥ,അയിത്തോച്ചാടന ജ്വാലാപ്രയാണം,വൈക്കം സത്യാഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ,മലബാര്‍ നവോത്ഥാനനായക ഛായാചിത്ര ജാഥ എന്നിങ്ങനെ 6 പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടുണ്ട്. എഐസിസി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം മല്ലികാര്‍ജ്ജുന ഖാര്‍ഗെ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുപരിപാടിയാണ് വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം. ആലുവയില്‍ നിന്ന് ആരംഭിച്ച് വൈക്കത്തേക്കുള്ള മഹാത്മജി ഛായാചിത്ര ജാഥയുടെ ക്യാപ്റ്റന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സനാണ്.കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ജെ.പൗലോസ്, ജനറല്‍ സെക്രട്ടറിമാരായ ബി.എ.അബ്ദുള്‍ മുത്തലിബ്,എസ്.അശോകന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരാണ്.
തമിഴ്‌നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്നാരംഭിക്കുന്ന സ്മൃതിജാഥയുടെ ക്യാപ്റ്റന്‍ ഇ.വി.കെ.എസ്. ഇളങ്കോവന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി.ബല്‍റാമും കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രനും വൈസ് ക്യാപ്റ്റന്‍മാരാണ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എ.സലീമാണ് ജാഥാ മാനേജര്‍.വൈക്കം വീരര്‍ ഛായാചിത്ര ജാഥ എന്ന പേരിലുള്ള സ്മൃതിയാത്ര കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം വഴി വൈക്കത്ത് എത്തിച്ചേരും. അരുവിപ്പുറത്തുനിന്ന് ആരംഭിച്ച് വൈക്കത്ത് എത്തുന്ന കേരള നവോത്ഥാന സ്മൃതിജാഥയുടെ ക്യാപ്റ്റന്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എന്‍.ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.സുബോധന്‍,ജി.എസ്.ബാബു എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും മര്യാപുരം ശ്രീകുമാര്‍ ജാഥാ മാനേജരുമാണ്.
ചെട്ടികുളങ്ങര ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന അയിത്തോച്ചാടന ജ്വാലാപ്രയാണ ജാഥയുടെ ക്യാപ്റ്റന്‍ അടൂര്‍പ്രകാശ് എം.പിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി.ശ്രീകുമാര്‍,എ.എ.ഷുക്കൂര്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരും എം.ജെ.ജോബ് ജാഥാ മാനേജരുമാണ്.
വൈക്കം സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്ന് ആരംഭിക്കുന്ന വൈക്കം സത്യാഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ഘോഷയാത്രയുടെ ക്യാപ്റ്റന്‍ ആന്‍റോ ആന്‍റണി എംപിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരുമാണ്.
കോഴിക്കോട് നിന്ന് കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍ എന്നിവരുടെ ഛായാചിത്രവുമായി മലബാര്‍ നവോത്ഥാനനായക ഛായാചിത്ര ജാഥയ്ക്ക് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ധിഖ് എംഎല്‍എ നേതൃത്വം നല്‍കും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.എ.തുളസി,സോണി സെബാസ്റ്റ്യന്‍,ആലിപ്പറ്റ ജമീല എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരാണ്.
സ്വന്തം ലേഖകൻ