സഹപാഠികളുടെ ബിനാലെ അവതരണങ്ങൾ നേരിൽക്കണ്ടറിയാൻ ഗുജറാത്തിൽ നിന്ന്

  • Posted on March 09, 2023
  • News
  • By Fazna
  • 100 Views

കൊച്ചി: 35 മണിക്കൂർ തീവണ്ടിയിൽ യാത്രചെയ്‌ത്‌ ഗുജറാത്തിൽ നിന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ 56 അംഗ വിദ്യാർത്ഥി സംഘം എത്തിയത് കൊച്ചി ബിനാലെ ഫീൽഡ് സ്റ്റഡിയുടെ ഭാഗമായതുകൊണ്ടെങ്കിലും അതിനു പിന്നിൽ മറ്റൊരു പ്രധാന കാരണമുണ്ട്: ബിനാലെയിലെ സഹപാഠികളുടെ കലാവതരണങ്ങൾ നേരിട്ട് കാണുക. അധ്യാപകർക്കൊപ്പം ഓരോ വേദിയിലുമെത്തി അവർ ആവിഷ്‌കാരങ്ങളുടെ അന്തഃസത്ത കണ്ടറിഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ ഗാന്ധിനഗർ, അഹമ്മദാബാദ് കാമ്പസുകളിലെ മൂന്നു വിദ്യാർത്ഥികൾ ഇക്കുറി ബിനാലെയിൽ ഭാഗഭാക്കായിട്ടുണ്ട്. കശീശ് കൊച്ചാർ, കുശ് ഖുക്കറേജ, കൊച്ചി സ്വദേശിനി സി എസ് നൗറിൻ എന്നീ ആർട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ബിനാലെയിൽ. മട്ടാഞ്ചേരി ടികെഎം വെയർഹൗസിൽ ക്ഷണിക്കപ്പെട്ട പ്രദർശന വിഭാഗത്തിലെ 'കമ്മ്യൂണിറ്റീസ് ഓഫ് ചോയ്‌സ്' എന്ന ലെൻസ് അധിഷ്‌ഠിത പ്രോജക്റ്റിലാണ് കശീശ് കൊച്ചാറിന്റെ പങ്കാളിത്തം. ബ്രിട്ടീഷ് കൗൺസിലിന്റെ പിന്തുണയോടെ ദി ചെന്നൈ ഫോട്ടോ ബിനാലെ ഫൗണ്ടേഷൻ ആൻഡ് ഫോട്ടോ ഗ്യാലറിയാണ് പ്രോജക്റ്റിന്റെ അവതാരകർ.

സ്റ്റുഡന്റസ് ബിനാലെ വേദികളിലൊന്നായ മട്ടാഞ്ചേരി കെവിഎൻ ആർക്കേഡിലാണ് കുശ് ഖുക്കറേജയുടെയും  സി എസ് നൗറിന്റെയും സൃഷ്ടികൾ. ഇരുവരും ഒരുക്കിയത് ഫോട്ടോ ഇൻസ്റ്റലേഷനുകൾ. നൗറിന്റേതായി മൾട്ടിമീഡിയ ഇൻസ്റ്റലേഷനുമുണ്ട്. കൊച്ചി ബിനാലെ പോലൊരു മഹത്തായ സമകാലീന കലാപ്രദർശനത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പങ്കാളിത്തമുണ്ടെന്നത് ഏറെ അഭിമാനകരമാണെന്ന് സംഘത്തിന്റെ ഗൈഡ് അമർനാഥ് പ്രഫുൽ പറഞ്ഞു. ഗൈഡിനെക്കൂടാതെ മൂന്ന് അധ്യാപകരും നാല് ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള സംഘത്തിനൊപ്പമെത്തി.

പാറ്റ്ന ഹൈക്കോടതി ജഡ്‌ജി സുധീർ സിംഗ്, കഴിഞ്ഞ പതിപ്പിലെ ബിനാലെ ആർട്ടിസ്റ്റ് പ്രശാന്ത് പാണ്ഡെ, മുംബൈ ഗ്യാലറി മസ്‌കാരയുടെ ക്യൂറേറ്റോറിയൽ ഡയറക്‌ടർ അഭയ് മസ്‌കാര, ബെംഗളൂരു ദി മോണ്ടിസ്സോറി സ്‌കൂൾ ആൻഡ് ക്രിയാസ്‌ഥലയുടെ സ്ഥാപക കാവ്യ ചന്ദ്രശേഖറും അധ്യാപികയും വിദ്യാർഥികളും ഉൾപ്പെട്ട സംഘവും ബിനാലെ സന്ദർശിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like