അതിദരിദ്രര്‍ക്ക് റേഷന്‍ ഇനി ഓട്ടോയിലും എത്തിക്കും . ,, ഒപ്പം ,,പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

  • Posted on February 14, 2023
  • News
  • By Fazna
  • 107 Views

തൃശൂർ: പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഒപ്പം എന്ന നൂതന പദ്ധതിക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ ജി ആര്‍ അനില്‍ നിവഹിച്ചു. അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് മറ്റൊരാളുടെ സഹായത്തോടെ മാത്രം റേഷന്‍ വാങ്ങാന്‍ കഴിയുന്ന വിഭാഗം ജനങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ 100  ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളുള്ള ജില്ലയായി തൃശ്ശൂരിനെ മന്ത്രി പ്രഖ്യാപിച്ചു. ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതിക്ക് തുടക്കം കുറിച്ച ഒല്ലൂരില്‍ നിന്നു തന്നെയാണ് ഒപ്പം പദ്ധതിക്കും തുടക്കം കുറിക്കുന്നതെന്ന് സന്തോഷകരമാണ്. സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയതു പോലെ സംസ്ഥാനത്തെ അതിദരിദ്രരുടെ വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന ഒപ്പം പദ്ധതിയും സംസ്ഥാന തലത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഗുണഭോക്താക്കളുടെ വീടുകളുടെ ഏറ്റവും അടുത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത വരാത്ത രീതിയിലായിരിക്കും ഇത് നടപ്പിലാക്കുക. ഓട്ടോ തൊളിലാളി സംഘടനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ പൊതു വിതരണ വകുപ്പ് ഒരു പദ്ധതി നടപ്പിലാക്കുന്നത് ഇതാദ്യമായാണെന്നും മന്ത്രി പറഞ്ഞു. 

പരാതി രഹിതവും കുറ്റമറ്റതുമായ രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. റേഷന്‍ കാര്‍ഡ് ഉടമകളുടെ കൈപ്പറ്റ് രശീതി മാനുവല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം സാധനങ്ങള്‍ നല്‍കുകയും അതിന്റെ വിവരങ്ങള്‍ അതേദിവസം തന്നെ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇപോസ് മെഷീനില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുക. ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 400ഓളം കുടുംബങ്ങള്‍ക്ക് മാസം പത്താം തീയതിക്കു മുമ്പായി ഒപ്പം പദ്ധതി വഴി വീടുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. 

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ ജില്ലാ കളക്ടറുടെയും മറ്റുദ്യോഗസ്ഥരുടെയും സഹായത്തോടെ ജില്ലയില്‍ 487 പേര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചു. നിലവില്‍ റേഷന്‍കാര്‍ഡ് വഴി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാത്ത ഒരു വീടുപോലും ജില്ലയിലില്ല. പട്ടിണിമൂലം ഒരാളും മരണപ്പെടുന്ന സ്ഥിതി കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. അതിദരിദ്രക്ക് രേഖകള്‍ നല്‍കുന്ന പ്രവര്‍ത്തനം മാതൃകാപരമായി ജില്ലയില്‍ നടപ്പാക്കി കഴിഞ്ഞു. കഴഞ്ഞ രണ്ടുവര്‍ഷമായി അതിദരിദ്രരെയും റേഷന്‍ കാര്‍ഡ് ഇല്ലാത്തവരെയും കണ്ടെത്തി ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഒപ്പം പദ്ധതി കുറ്റമറ്റ രീതിയില്‍ ആവിഷ്‌ക്കരിക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. 

പൂച്ചട്ടി മാധവമന്ദിരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അദ്ധ്യക്ഷനായി. പി ബാലചന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായി. റേഷനിംഗ് കണ്‍ട്രോളര്‍ മനോജ് കുമാര്‍ കെ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, അഡി. ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ്, നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ രജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി കെ അമല്‍റാം, നടത്തറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അഭിലാഷ്, ജില്ലാ സപ്പൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍, അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ല നോഡല്‍ ഓഫിസര്‍ സറിന എ റഹ്മാന്‍, പി കെ പുഷ്പാകരന്‍, ടി ഡി റെജി, വി.എ ഷംസുദ്ദീന്‍, എം എം വല്‍സലന്‍ തടുങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതവും ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അജിത്ത്കുമാര്‍ കെ നന്ദിയും പറഞ്ഞു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like