ഏതൊരു വികസന പ്രവർത്തനത്തിന്റെയും സദ്ഫലങ്ങൾ അനുഭവിക്കാൻ കൃഷി അനിവാര്യം: കൃഷി മന്ത്രി പി. പ്രസാദ്.
- Posted on September 26, 2024
- News
- By Varsha Giri
- 73 Views
തിരുവനന്തപുരം: ഏതൊരു വികസന പ്രവർത്തനത്തിന്റെയും സദ്ഫലംങ്ങൾ അനുഭവിക്കാനും ആസ്വദിക്കാനും കൃഷി അനിവാര്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടു കൂടി റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) 25-ആം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 96.62 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ ആറ്റുമണ്‍പുറം നീര്‍ത്തട പദ്ധതി അരുവിക്കര നിയോജകമണ്ഡലം എം എൽ എ അഡ്വ. ജി.സ്റ്റീഫന്റെ അധ്യക്ഷതയിൽ ഓൺലൈനായി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുന്നത് പോഷകസമ്പുഷ്ടമായ ഭക്ഷണത്തിലൂടെയാണ്. വികസനം എന്നത് റോഡുകളും, പാലങ്ങളും എല്ലാം ഉൾപ്പെട്ട് വരുന്നതാണെങ്കിലും അതിനേക്കാളൊക്കെ പ്രാധാന്യമുള്ളത് കാർഷിക മേഖലയിലെ വികസനപ്രവർത്തനങ്ങൾ തന്നെയാണ്. കൃഷിയിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്ന ഭക്ഷണംതന്നെയാണ് മനുഷ്യന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം. കൃഷി ചെയ്തല്ലാതെ പോഷകസമൃദ്ധമായ ഭക്ഷണം എന്നത് അസാധ്യമാണ്. കാർഷിക മേഖലയിലെ പ്രതിസന്ധികൾ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പിലാക്കിയാൽ മാത്രമേ സമഗ്രമായി പരിഹരിക്കാൻ സാധിക്കുകയുള്ളു. അത്തരത്തിലുള്ള ഒരു സമഗ്ര ഇടപെടലാണ് ആറ്റുമൺപുറം പദ്ധതിയിലൂടെ നടപ്പിലാക്കപ്പെട്ടിരിക്കുന്നത് മന്ത്രി പറഞ്ഞു. 281 ഹെക്ടർ വിസ്തൃതിയിലുള്ള കാർഷിക പ്രദേശങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാവുക. നൂറുകണക്കിന് കർഷകർക്കാണ് ഈ അടിസ്ഥാനവികസന പ്രവർത്തനങ്ങൾ പ്രാവർത്തികമായതോടെ കൃഷി മേഖലയിൽ സജീവമാകാൻ കഴിഞ്ഞത് മന്ത്രി കൂട്ടിച്ചേർത്തു. RIDF പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ കേരളത്തിലുടനീളം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷിയിട ആസൂത്രണം നടപ്പിലാക്കേണ്ടത് കൃഷിയിടത്തിൽ കർഷകരുടെ കൂടിയാലോചനയോടുകൂടി ആവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പ്രശ്‍നങ്ങൾ നിലനിൽക്കുന്ന മേഖലയാണ് വിതുരയെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ എങ്ങനെ ഫലപ്രദമായി അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയും എന്നതിൽ സ്വീകരിക്കാൻ സാധിക്കുന്ന നടപടികൾ സ്വീകരിച്ച് വിതുര പഞ്ചായത്തിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടനംപ്രസംഗത്തിൽ അറിയിച്ചു. കൃഷി മന്ത്രിയുടെ അഭാവത്തിൽ ആസ്തി സംബന്ധിച്ച ഔദ്യോഗിക രേഖകൾ അരുവിക്കര എം എൽ എ. അഡ്വ. ജി. സ്റ്റീഫൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദിന് കൈമാറി. ചടങ്ങിൽ മുതിർന്ന കർഷകനായ കെ. വിജയൻകാണി, ശ്രീ. ബിനു ആറ്റുമൺപുറം എന്നിവരെ വേദിയിൽ എം. എൽ. എ. ആദരിച്ചു.
തിരുവനന്തപുരം അരുവിക്കര നിയോജകമണ്ഡലത്തില്‍ നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് ബ്ലോക്കില്‍ ഉള്‍പ്പെട്ട വിതുര ഗ്രാമ പഞ്ചായത്തിലെ മണലി, കല്ലാര്‍ വാര്‍ഡുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. മണലി വാര്‍ഡിലെ കലത്തോട്, തണ്ണിപ്പെട്ടി, കൊമ്പ്പാന്‍കല്ല്, പെരുംപാറയടി, മുരുക്കുംകാല, ആറ്റുമണ്‍പുറം, വേങ്ങത്താര, കല്ലന്‍കുടി, തലതൂത്തക്കാവ് , ഇലവന്‍മുട്, അല്ലത്താര, ചാരുപാറ, പെണ്ണങ്കപ്പാറ, പൊങ്ങന്‍മരുതുംമുട്, ഇടിമുടങ്ങ്, ഇടമണ്‍പുറം, കല്ലാര്‍ വാര്‍ഡിലെ മൊട്ടമുട, മുല്ലമൂട് എന്നീ ഭാഗത്തുള്ള ഗോത്ര കുടിയേറ്റ പ്രദേശങ്ങളിലുള്ള മണ്ണ് ജല സംരക്ഷണവും ജൈവ സമ്പത്തിന്റെ പരിപാലനവും ലക്ഷ്യമാക്കിയാണ് ടി പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് മന്ത്രി പറഞ്ഞു.
2020 ഒക്ടോബര്‍ 31-ന് മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വൃഹിച്ച പദ്ധതിയിൽ കാര്‍ഷിക ഭൂമിയിലെ മണ്ണ് ജല സംരക്ഷണ പ്രവൃത്തികളായ കല്ല് കയ്യാല (42244.94 ച.മീ), ജൈവവേലി (2025 മീറ്റര്‍), റബ്ബര്‍ തടം (1911 എണ്ണം) കുടിവെള്ളത്തിനും കൃഷിയ്ക്കും വേണ്ടിയുള്ള കിണര്‍ നിര്‍മാണം (10 എണ്ണം) എന്നീ പ്രവർത്തനങ്ങൾ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ പദ്ധതി പ്രദേശത്തെ നീര്‍ച്ചാലുകളുടെ സംരക്ഷണത്തിനായി ഇ-ടെൻഡർ മുഖേന സംരക്ഷണഭിത്തി (255.70 മീറ്റര്‍), തടയണ (1 എണ്ണം), കാട്ടുകല്ല് ഉപയോഗിച്ചുള്ള പാര്‍ശ്വഭിത്തി (79.15 മീറ്റര്‍), നടപ്പാലം (3 എണ്ണം) എന്നിവയും നിര്‍മിച്ചിട്ടുണ്ട്. ടി നീര്‍ത്തടപ്രദേശത്ത് മണ്ണ് ജല സംരക്ഷണ പ്രവൃത്തികള്‍ നടപ്പിലാക്കിയതിലൂടെ കാര്‍ഷികാഭിവൃദ്ധി കൈവരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും സാധിച്ചിട്ടുണ്ട്.
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് അഡിഷണൽ ഡയറക്ടർ ആനന്ദബോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മിനി എ, വിതുര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത എൽ, കല്ലാർ വാർഡ് മെമ്പർ സുനിത എസ്, എഫ് ആർ സി ചെയർമാൻ മനോഹരം കാണി, ആറ്റുമൺപുറം ഊര്മൂപ്പൻ ബിനു, എഫ് ആർ സി സെക്രട്ടറി രാജൻ കാണി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പ്രിയ വി പി, മണ്ണ് സംരക്ഷണ ഓഫീസർ രശ്മി മനോഹർ മറ്റു ജനപ്രതിനിധികൾ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.