സ്ഥാനത്തെ റേഷൻ വിതരണത്തിലെ ഇപോസ് തകരാർ കേന്ദ്ര വിദഗ്ധരുമായി ഇന്ന് ചർച്ച നടത്തും
കൊച്ചി : സംസ്ഥാനത്ത് റേഷൻ വിതരണത്തിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ സംബന്ധിച്ച് കേന്ദ്ര വിദഗ്ധരുമായി സംസ്ഥാന സർക്കാർ ഇന്നു ചർച്ച നടത്തും. രാജ്യമാകെ റേഷൻ ഇ പോസ് സംവിധാനത്തിന്റെ സാങ്കേതികച്ചുമതല നിർവഹിക്കുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ഹൈദരാബാദ് യൂണിറ്റ് അധികൃതരുമായി രാവിലെ 10.30ന് മന്ത്രി ജി.ആർ. അനിലിന്റെ ചേംബറിലാണു ചർച്ച.
ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഐടി സെൽ വിദഗ്ധരും സംസ്ഥാന ഐടി മിഷൻ അധികൃതരും പങ്കെടുക്കും. ഇ പോസ് തകരാർ പരിഹരിക്കാത്തതു കാരണം റേഷൻ വിതരണം തടസ്സപ്പെടുന്നതായി വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഹൈദരാബാദ് എൻഐസി യൂണിറ്റിലെ വിദഗ്ധരെ ചർച്ചയ്ക്കും പരിശോധനയ്ക്കും ക്ഷണിച്ചത്. റേഷൻ കടകളിൽ ഉൾപ്പെടെ ആവശ്യമെങ്കിൽ സാങ്കേതിക പരിശോധനയും കേന്ദ്ര സംഘം നടത്തും.
അതേസമയം, റേഷൻ വാങ്ങുന്നതിന് മാസത്തെ അവസാന ആഴ്ച വരെ കാത്തു നിൽക്കാതെ കാർഡ് ഉടമകൾ നേരത്തേ എത്തണമെന്ന് അഭ്യർത്ഥിക്കുന്ന പ്രചാരണ പരിപാടി ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തും. മന്ത്രി ഇക്കാര്യം നിയമസഭയിലും നേരത്തേ വ്യക്തമാക്കിയിരുന്നു. മാസത്തിന്റെ അവസാന ആഴ്ചയിൽ റേഷൻ കടകളിൽ തിരക്കേറുന്നതും ഇ പോസ് സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായാണു വിലയിരുത്തൽ.
എന്നാൽ, ഒരു മാസത്തെ റേഷൻ ആ മാസം മുഴുവൻ വാങ്ങാൻ ഉപഭോക്താക്കൾക്ക് അർഹതയുണ്ട്. ചിലപ്പോഴെങ്കിലും കടയിൽ സ്റ്റോക്കില്ലാത്ത സാഹചര്യവും റേഷൻ വാങ്ങൽ മാസാവസാനത്തേയ്ക്ക് നീങ്ങാൻ കാരണമാകുന്നു. മെഷീൻ തകരാറ് കാരണം റേഷൻ സമയം പുന:ക്രമീകരിക്കുമ്പോൾ ജോലിയ്ക്ക് പോകാനാവാതെ റേഷൻ വാങ്ങാൻ നിൽക്കേണ്ട സാഹചര്യവും ഇടയ്ക്കുണ്ടാവാറുണ്ട്.
പ്രത്യേക ലേഖിക