മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

  • Posted on January 16, 2023
  • News
  • By Fazna
  • 122 Views

ഒളപ്പമണ്ണ മാറ്റത്തിനൊപ്പം സഞ്ചരിച്ച ഉത്പതിഷ്ണവും ആധുനികനുമായ മനുഷ്യനാണെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ നടന്ന മഹാകവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹം പതിയെ മറന്ന് തുടങ്ങിയ ഒളപ്പമണ്ണയുടെ ജീവിതം ഓർമ്മിക്കേണ്ടത് പ്രധാനമാണ്. കവി 19 ആം വയസിൽ ആദ്യം എഴുതിയ കവിതയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാർക്കെതിരെയും സി.പിയുടെ ഭരണത്തിനെതിരെയും ദേശീയ പ്രസ്ഥാനത്തിന് ഒപ്പം നിന്നും പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ് ഒളപ്പമണ്ണ. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ആധുനിക മാറ്റങ്ങൾക്കൊപ്പം കവിക്ക് സഞ്ചരിക്കാൻ കഴിഞ്ഞു. കലാസാഹിത്യ രംഗത്ത് മാത്രമല്ല ഭരണരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഒളപ്പമണ്ണയുടെ ഉത്പതിഷ്ണു പാരമ്പര്യത്തെ ഓർക്കുമ്പോൾ അദ്ദേഹത്തെ വിപ്ലവകാരിയായ കവി എന്ന് വിളിക്കാമെന്നും മന്ത്രി പറഞ്ഞു.

ഒളപ്പമണ്ണ മന കലകളുടെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും വൈദികതയുടെയും വേദിയും കളരിയുമാണെന്നും അതിന് ശ്രദ്ധേയമായ പല കൈവഴികൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ കേരള കലാമണ്ഡലം വൈസ് ചാൻസലർ എം.വി നാരായണൻ അധ്യക്ഷനായി. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായി. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം  കെ. ശ്രീധരൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മട്ടന്നൂർ ശങ്കരൻകുട്ടി, സ്വരലയ സെക്രട്ടറി ടി.ആർ അജയൻ എന്നിവർ പങ്കെടുത്തു. വള്ളത്തോൾ സമാധിയിൽ എന്ന ശീർഷകത്തിൽ ഡോ. കലാമണ്ഡലം മായ രാജേഷ് അവതരിപ്പിച്ച നൃത്താവിഷ്ക്കാരം, കഥകളി എന്നിവയും നടന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like