വീൽചെയറിലായ ആകാശ് രാഹുൽ ഗാന്ധി എം.പി.യിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു
- Posted on March 22, 2023
- News
- By Goutham Krishna
- 139 Views

കൽപ്പറ്റ: കളിച്ചു ചിരിച്ച് നടക്കുന്ന ബാല്യകാലത്ത് അപ്രതീക്ഷിതമായി അരക്ക് താഴെ തളർന്ന് വിൽചെയറിലായ ആകാശ് രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു. മക്കിയാട് മുടവൻ കൊടി അനിൽകുമാറിൻ്റെ മകൻ എ എം. ആകാശ് ആണ് വീൽ ചെയറിൽ ബാല്യകാലം തള്ളി നീക്കുന്നത്. സാധാരണ കുട്ടികളെ പോലെ നാലാം ക്ലാസ്സുവരെ നടന്ന് സ്കൂളിൽ പോയിരുന്നതാണ് ആകാശ് എ.എം. പൊടുന്നനെ അരക്ക് താഴെ തളർന്ന് കാലുകൾക്ക് നടക്കാൻ ശേഷിയില്ലാതായി. ഇപ്പോൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ആകാശിന് ഫിസിയോ തെറാപ്പി മാത്രമാണ് ചികിത്സ .വിദഗ്ധ ചികിത്സ ലഭിച്ചാൽ ആകാശിന് നടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് അനിൽകുമാർ പറഞ്ഞു. ചികിത്സക്ക് സഹായം ആവശ്യപ്പെട്ട് ആകാശും പിതാവും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എം.പി.യെ കണ്ടിരുന്നു. ആകെ പത്ത് സെൻ്റ് സ്ഥലമാണുള്ളത്. അനിൽകുമാർ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.രാഹുൽ ഗാന്ധി എം.പി. വഴി സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആകാശും കുടുംബവും.