സമൂഹ മാധ്യമ ങ്ങളിലൂടെയുള്ള വ്യാജ ബോംബ് ഭീഷണി തടയാൻ കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി;
- Posted on October 28, 2024
- News
- By Goutham prakash
- 274 Views
വ്യാജ ഭീഷണികൾ സമയബന്ധിതമായി നീക്കം ചെയ്യാനും റിപ്പോർട്ട് ചെയ്യാനും അധികാരികളുമായി സഹകരിക്കാനും സമൂഹ മാധ്യമ സ്ഥാപനങ്ങൾക്ക് നിർദ്ദേശം.

സി.ഡി. സുനീഷ്.
വ്യാജ ഭീഷണികൾ സമയബന്ധിതമായി നീക്കം ചെയ്യാനും റിപ്പോർട്ട് ചെയ്യാനും അധികാരികളുമായി സഹകരിക്കാനും സമൂഹ മാധ്യമ സ്ഥാപനങ്ങൾക്ക് നിർദ്ദേശം.
രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ വിമാന കമ്പനികൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടാകുന്നത് തടയാൻ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. സമൂഹമാധ്യമങ്ങൾ ഐടി നിയമം 2000, ഐടി (ഇൻ്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ 2021, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 എന്നിവ പാലിക്കണമെന്നും ക്രമസമാധാനവും സുരക്ഷയും നിലനിർത്താൻ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് .
വിമാനക്കമ്പനികൾക്കെതിരെ വ്യാജ ബോംബ് ഭീഷണിയുടെ രൂപത്തിലുള്ള നിയമവിരുദ്ധ പ്രവൃത്തികൾ, രാജ്യത്തിന്റെ പൊതു സമാധാന ക്രമത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുണ്ട്. ഇത്തരം വ്യാജ ബോംബ് ഭീഷണികൾ വലിയൊരു വിഭാഗം പൗരന്മാരെ ബാധിക്കുകയും രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു . കൂടാതെ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ "ഫോർവേഡിംഗ് / റീ-ഷെയറിംഗ് / റീ-പോസ്‌റ്റ് / റീ-ട്വീറ്റ്" എന്ന ഓപ്‌ഷൻ ലഭ്യത കാരണം ഇത്തരം വ്യാജ ബോംബ് ഭീഷണികളുടെ വ്യാപനത്തിൻ്റെ തോത് അനിയന്ത്രിതമാണെന്നും നിരീക്ഷിക്കപ്പെടുന്നു. ഇത്തരംബോംബ് ഭീഷണികൾ കൂടുതലും വ്യാജ വാർത്തകളാണ് . ഇത് പൊതു ക്രമ സമാധാനനില , വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾ, വിമാന യാത്രക്കാരുടെ സുരക്ഷ എന്നിവയെ വൻതോതിൽ ബുദ്ധിമുട്ടിലാക്കുന്നു.
ഐടി നിയമത്തിനും ചട്ടങ്ങൾക്കും കീഴിലുള്ള ജാഗ്രതാ ബാധ്യതകൾ
ഇതുമായി ബന്ധപ്പെട്ട്, സമൂഹമാധ്യമ ഇടനിലക്കാർ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾക്ക് ഇൻഫർമേഷൻ ടെക്നോളജി നിയമം 2000 (“ഐടി ആക്റ്റ്”), ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടം 2021 (“ഐടി നിയമങ്ങൾ, 2021”) എന്നിവ അനുസരിച്ച്, പൊതു ക്രമസമാധാന നിലയെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങൾ ഉടനടി നീക്കം ചെയ്യാൻ നിയമപരമായ ബാധ്യതയുണ്ട്.
അത്തരം ജാഗ്രതാ ബാധ്യതകളുടെ ഭാഗമായി, ഏതെങ്കിലും ഉപയോക്താവിനെ നിയമവിരുദ്ധമോ തെറ്റായതോ ആയ വിവരങ്ങൾ ഹോസ്റ്റ് ചെയ്യാനും പ്രദർശിപ്പിക്കാനും അപ്‌ലോഡ് ചെയ്യാനും പരിഷ്‌ക്കരിക്കാനും പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും അനുവദിക്കാതെ, 2021 ലെ ഐടി നിയമങ്ങൾ പ്രകാരം ആവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കേണ്ടത് സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഇടനിലക്കാരുടെ ഉത്തരവാദിത്തമാണ്. കൂടാതെ, ഗവൺമെന്റ് നിർദ്ദേശിച്ച പ്രകാരം കൃത്യമായ ജാഗ്രതാ ബാധ്യതകൾ സമൂഹമാധ്യമങ്ങൾ പാലിക്കുന്നില്ലെങ്കിൽ,ഐടി നിയമത്തിന്റെ വകുപ്പ് 79 പ്രകാരം സമൂഹമാധ്യമങ്ങൾ ലഭ്യമാക്കിയിട്ടുള്ളതോ ഹോസ്റ്റ് ചെയ്യുന്നതോ ആയ ഏതെങ്കിലും മൂന്നാം കക്ഷി വിവരങ്ങൾ, ഡാറ്റ അല്ലെങ്കിൽ ആശയവിനിമയ ലിങ്ക് എന്നിവയിൻ മേലുള്ള ബാധ്യതയിൽ നിന്ന് സമൂഹമാധ്യമങ്ങളെ ഒഴിവാക്കുന്നതല്ല. ഐടി നിയമം 2021 ലെ ചട്ടങ്ങൾ പ്രകാരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ഐടി നിയമങ്ങൾ, 2021-ൽ നൽകിയിട്ടുള്ള ജാഗ്രതാ ബാധ്യതകൾ പാലിക്കുന്നതിൽ സമൂഹ മാധ്യമ ഇടനിലക്കാർ പരാജയപ്പെട്ടാൽ, ഐടി നിയമത്തിലെ വകുപ്പ് 79 ലെ വ്യവസ്ഥ അത്തരം ഇടനിലക്കാർക്ക് ബാധകമല്ല.കൂടാതെ ഐടി ആക്ടും ഭാരതീയ ന്യായ സംഹിത 2023 ("BNS") ഉൾപ്പെടുന്ന നിയമത്തിന് കീഴിലുള്ള തുടർ നടപടിക്ക് അവർ ബാധ്യസ്ഥരായിരിക്കും.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ഇടനിലക്കാർ പാലിക്കേണ്ട ഇനിപ്പറയുന്ന പ്രധാന ഉത്തരവാദിത്തങ്ങൾ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി :
തെറ്റായ വിവരങ്ങൾ ഉടനടി നീക്കം ചെയ്യൽ: സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടനിലക്കാർ സൂക്ഷ്മത പാലിക്കുകയും, വ്യാജ ബോംബ് ഭീഷണി ഉപ്പെടെയുള്ള നിയമവിരുദ്ധമായ വിവരങ്ങളിലേക്കുള്ള പ്രവേശനം കർശനമായ സമയപരിധിക്കുള്ളിൽ പ്രവർത്തനരഹിതമാക്കുകയോ നീക്കം ചെയ്യുകയോ വേണം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിംഗ്:
രാജ്യത്തിന്റെ ഐക്യം, സമഗ്രത, പരമാധികാരം, സുരക്ഷ, അല്ലെങ്കിൽ സാമ്പത്തിക സുരക്ഷ എന്നിവയെ ഭീഷണിപ്പെടുത്തുന്നതോ ഭീഷണി ആയേക്കാവുന്നതോ ആയ പ്രവർത്തനങ്ങളോ നടപടികളോ സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ ഇടനിലക്കാർ ഗവൺമെന്റിന് റിപ്പോർട്ട് ചെയ്യണം.
ഗവണ്മെന്റ് ഏജൻസികളുമായുള്ള സഹകരണം:
അന്വേഷണങ്ങളിലോ സൈബർ സുരക്ഷാ ശ്രമങ്ങളിലോ സഹായിക്കുന്നതിന് സമൂഹമാധ്യമങ്ങൾ അംഗീകൃത ഗവൺമെന്റ് ഏജൻസികൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ (എത്രയും വേഗം, എന്നാൽ 72 മണിക്കൂറിനുള്ളിൽ) പ്രസക്തമായ വിവരങ്ങളും സഹായവും നൽകേണ്ടതുണ്ട്.