അരിക്കൊമ്പൻ പുതിയ താവളത്തിലേക്ക്; പ്രതികൂല കാലാവസ്ഥ മറികടന്ന് ദൗത്യം വിജയം

ചിന്നക്കനാൽ: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിൽ കയറ്റി. ആനയുമായി ലോറി ഉടൻ തിരിക്കും. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.  പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്. ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തിയിരുന്നു. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയിരുന്നില്ല. *മയക്കത്തിലും ആന ശൗര്യം കാട്ടിയിരുന്നു .   വടം കൊണ്ട് ബന്ധിച്ചു;കണ്ണുകൾ മൂടി അരിക്കൊമ്പന്റെ നാലു കാലുകളും വടംകൊണ്ട് ബന്ധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു മൂടി. കഴുത്തിൽ കയറിട്ടു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി ആണ് കാലുകൾ ബന്ധിക്കുകയും കണ്ണുകൾ മൂടുകയും ചെയ്തത്.  ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. ജെസിബി ഉപയോഗിച്ച് ആന നില്‍ക്കുന്നിടത്തേക്ക് വഴിയൊരുക്കി. അരിക്കൊമ്പന്റെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റേണ്ടത്. 5 തവണ മയക്കുവെടി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചു. ആദ്യ മയക്കുവെടി 11.54നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.43നുമാണ് നൽകിയത്. എന്നിട്ടും ആന മയങ്ങി തുടങ്ങാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.


സ്പോർട്സ് ലേഖിക.

Author
Citizen Journalist

Fazna

No description...

You May Also Like