ലോകത്ത് ആരോഗ്യമേഖലയിലെ മലയാളികളുടെ സേവനം പ്രശംസനീയമെന്ന് രാഹുൽ ഗാന്ധി എം. പി.
കൽപ്പറ്റ: ആരോഗ്യമേഖലയിൽ മലയാളികൾ നൽകുന്ന സേവനങ്ങൾ ലോകത്തിൻ്റെപ്രശംസ പിടിച്ചുപറ്റിയതാണന്ന് രാഹുൽ ഗാന്ധി എം. പി. ആതുര സേവന രംഗത്തും വിദ്യഭ്യാസ രംഗത്തും കത്തോലിക്ക സഭയും സി. എം. ഐ. സഭയും നൽകിയ സംഭാവനകൾ നിസ്തുലമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ചാവറയച്ചൻ്റെ ആശയവും ആവിഷ്കാരവും ആരോഗ്യമേഖലയിലെ ദീർഘ വീക്ഷണത്തോടെയുള്ള കാഴ്ചപ്പാടും എക്കാലത്തും പ്രശംസിക്കപ്പെടുമെന്നും എം. പി. പറഞ്ഞു. വയനാടിൻ്റെ എം. പി. എന്നതിനേക്കാൾ ഒരു കുടുംബാംഗമെന്ന നിലയിൽ തന്നെ സ്നേഹിക്കുന്ന മലയാളികളോട് അദ്ദേഹം നന്ദി പറഞ്ഞു. ആതുരശുശ്രൂഷരംഗത്ത് 50 വർഷങ്ങൾ പിന്നിടുന്ന ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ കൽപ്പറ്റയുടെ സുവർണ്ണ ജൂബിലി ആഘോഷ സമാപന ചടങ്ങ് എം. പി. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു.
സി. എം. ഐ സെന്റ് തോമസ് പ്രൊവിൻഷ്യാൾ ഫാ.തോമസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. എം. പി കെ. സി വേണുഗോപാൽ സുവനീർ പ്രകാശനം ചെയ്തു. മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം, എം. എൽ. എ അഡ്വ. ടി. സിദ്ദീഖ്, വയനാട് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഐ. എ. എസ്, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെയം തൊടി മുജീബ്, ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ എടിച്ചിലാത്ത് സി. എം. ഐ, ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. അബൂബക്കർ സീഷാൻ മൻസാർ എന്നിവർ സംസാരിക്കും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളും, സ്റ്റുഡൻസും അവതരിപ്പിച്ച കലാവിരുന്ന് ഉണ്ടായിരുന്നു.