ബിനാലെ കണ്ട് പ്രമുഖർ; പത്തു നാളിൽ കലാമേളയ്‌ക്കെത്തിയത് 34,561പേർ

  • Posted on January 04, 2023
  • News
  • By Fazna
  • 96 Views

കൊച്ചി: വൻ ജനപങ്കാളിത്തവും സ്വീകാര്യതയുമാണ് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ലഭിക്കുന്നത്. പത്തു ദിവസം പിന്നിട്ടപ്പോൾ 34,561പേർ മഹാകലാമേളയ്ക്കെത്തി. നവത്സരത്തോടടുത്ത നാളുകളിൽ ബിനാലെ വേദികളിലേക്ക് ജനം ഒഴുകിയെത്തി. വൈക്കം എംഎൽഎ സി കെ ആശ, കെഎസ്ഐഡിസി എംഡിയും ടൂറിസം വകുപ്പ് മുൻ ഡയറക്‌ടറുമായ  എസ് ഹരികിഷോർ, നടൻ സണ്ണി വെയ്ൻ ഉൾപ്പെടെ പ്രമുഖർ കഴിഞ്ഞദിവസം കൊച്ചി മുസിരിസ് ബിനാലെ കാണാനെത്തി. സ്‌കൂൾ കാലംതൊട്ടുള്ള സഹപാഠികൾക്കൊപ്പമാണ് ആശ എംഎൽഎ പ്രദർശനം കണ്ടത്. പുതിയൊരു ജനവിഭാഗത്തെ  പുറംനാടുകളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കൊച്ചി മുസിരിസ് ബിനാലെ പ്രമുഖ പങ്ക് വഹിക്കുമെന്ന്  എസ് ഹരികിഷോർ പറഞ്ഞു. ആയുർവേദം, കായലുകൾ, സമ്പന്ന സാംസ്‌കാരിക പൈതൃകം, ഉത്തരവാദിത്വ ടൂറിസം തുടങ്ങി തനത് പ്രത്യേകതകളാണ് കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നത്. ടൂറിസം മേഖലയിൽ  അനന്യമായ മറ്റൊരു സവിശേഷതയായി മാറുകയാണ് കൊച്ചി മുസിരിസ് ബിനാലെ. ഒരു നാടിന്റെ കലയും സംസ്‌കാരവും അറിവുകളും അനുഭവങ്ങളും മനസിലാക്കാൻ താത്പര്യപ്പെടുന്ന പുതിയ ഗ്രൂപ്പ് കേരളത്തിലേക്ക് എത്തുന്നതിന് കൊച്ചി മുസിരിസ് ബിനാലെ ഇതിനകം തന്നെ വഴിയൊരുക്കിയിട്ടുണ്ട്. ഓരോ പതിപ്പ് പിന്നിടുമ്പോഴും ബിനാലെ കൂടുതൽ കരുത്താർജ്ജിക്കുകയുമാണ്.

ബിനാലെയുടെ വിജയത്തിന് പുരോഗമനപരമായ ഉപഫലങ്ങളുണ്ട്. കലാസൃഷ്‌ടികൾ ശേഖരിക്കുന്നവരുടെയും, കലാപ്രദർശനങ്ങളുടെയും ആർട്ട് ഗ്യാലറികളുടെയും എണ്ണം കൂടി. മറ്റൊന്നാണ് ലിറ്ററേച്ചർ ഫെസ്റ്റുകളുടെ എണ്ണം വർധിച്ചത്. വരും നാളുകളിൽ മറ്റുമേഖലകളിലേക്കും ബിനാലെയുടെ സ്വാധീനം കടന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്‌ബി അഡീഷണൽ സിഇഒ സത്യജീത് രാജൻ, എറണാകുളം അസിസ്റ്റന്റ് കളക്‌ടർ ഹർഷിൽ ആർ മീണ എന്നിവരും ബിനാലെയ്‌ക്കെത്തി.



Author
Citizen Journalist

Fazna

No description...

You May Also Like