ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി; പദ്ധതിയെ ശക്തിപ്പെടുത്തും
- Posted on February 03, 2023
- News
- By Goutham prakash
- 359 Views

തിരുവനന്തപുരം : ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി വകയിരുത്തിയത് പദ്ധതിയെ ശക്തിപ്പെടുത്തും. ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നതായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഉപ്പുമാവില്‍ നിന്ന് തുടങ്ങി കഞ്ഞിയിലേക്കും വിഭവ സമൃദ്ധമായ സദ്യയിലേക്കും പാല്‍, മുട്ട തുടങ്ങിയ പോഷകാഹാരങ്ങളിലേക്കും വളര്‍ന്ന സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ്. എന്നാല്‍ പ്രധാന അധ്യാപകര്‍ക്ക് പദ്ധതി കടുത്ത തലവേദനയായി മാറുന്ന അവസ്ഥ നിലനില്‍ക്കുകയായിരുന്നു. പദ്ധതിക്ക് അരിയും പാചകക്കൂലിയും മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടത് പ്രധാനാധ്യാപകനാണ്. കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളര്‍ച്ചക്കും സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്കിന് പരിഹാരമായുമാണ് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചത്.
1984ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം നല്‍കിയിരുന്ന ഉച്ചഭക്ഷണം 1985 മുതല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ബാധകമാക്കി. 1985 ഡിസംബര്‍ മുതല്‍ പദ്ധതി യു പി സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു. തുടക്കത്തില്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കി വന്നിരുന്ന പദ്ധതി 1995 മുതല്‍ കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയാക്കി. സ്‌കൂള്‍ ഉച്ചഭക്ഷണം ഓരോ വിദ്യാര്‍ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണെന്ന 2001 നവംബര്‍ 28ലെ സുപ്രീം കോടതി വിധിയോടെ പദ്ധതിക്ക് നിയമപരമായ പരിവേഷവും ലഭിച്ചെങ്കിലും പദ്ധതി മുടങ്ങിയേക്കുമെന്ന ആശങ്ക ഇടക്കിടെ ഉയര്‍ന്നു വരാറുണ്ട്.
പ്രത്യേക ലേഖിക.