30.15 കോടി രൂപയുടെ പ്രൊജക്ടുകൾക്ക് രൂപം നൽകി വൈഗ ഡി പി ആർ ക്ലിനിക്കിന് പരിസമാപ്തി
തിരുവനന്തപുരം: വൈഗ 2023ന്റെ ഭാഗമായി ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരം സമേതിയിൽ വച്ച് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത സംരംഭകരുടെ 50 സംരംഭകത്വ പ്രോജക്റ്റുകൾക്ക് രൂപരേഖയായി. 30.15 കോടി രൂപയുടെ പ്രോജക്ടുകൾക്കാണ് വിശദമായ രൂപരേഖയായത്.
ശാസ്ത്ര സാങ്കേതികവിദ്യയിലൂന്നിയ പ്രോജക്ടുകൾ ശാസ്ത്രജ്ഞർ, ധനകാര്യ വിദഗ്ധർ, എ.ഐ.എഫ് (കാർഷിക അടിസ്ഥാന സൗകര്യ നിധി) പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഇൻകുബേറ്റർ വിദഗ്ധർ, നബാർഡിൻ്റെ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ പ്രതിനിധികൾ തുടങ്ങിയവർ ഉൾപെട്ട വിദഗ്ധ പാനലിനു മുന്നിൽ ചർച്ചചെയ്ത് ഓരോ സംരംഭകർക്കും അവരവ രുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇണങ്ങുന്ന വിധമാണ് ഡി.പി.ആറുകൾ തയ്യാറാക്കുന്നതിന് ഫെബ്രുവരി പകുതിയോടെ തുടക്കം കുറിച്ചത്. ഇതിനുശേഷം കേരള കാർഷിക സർവകലാശാലയുമായി കൈകോർത്ത് കൊണ്ട് വെള്ളായണി കാർഷിക കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുമായി ചേർന്ന് സർവ്വകലാശാലയിലെ എക്കണോമിക്സ് വിഭാഗം അധ്യാപകരുടെ കൂട്ടായ മേൽനോട്ടത്തിൽ തുടർ പ്രവർത്തനങ്ങൾക്കായി ഡിപിആർ ലാബ് ആരംഭിച്ചത്. ഫെബ്രുവരി 18ന് തുടങ്ങിയ ലാബിന്റെ പ്രവർത്തനം ഫെബ്രുവരി 28 വരെ നീണ്ടു. മാർച്ച് ഒന്നാം തീയതി ഡിപിആർ ഫൈനലൈസേഷൻ ദിനത്തോടനുബന്ധിച്ച് ഇരുപതോളം വരുന്ന വിദഗ്ധ പാനലിസ്റ്റിന്റെ മുൻപാകെ നാളിതുവരെ ചെയ്ത പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും, ഡിപിആറിന്റെ കരട് രൂപം അവതരിപ്പിക്കുകയും ചെയ്തു. തുടർചർച്ചകൾക്കും കൂട്ടായ ആലോചനകൾക്കും തിരുത്തലുകൾക്കും ശേഷമാണ് ഡിപിആറിന്റെ അന്തിമ രൂപം ഉരുത്തിരിഞ്ഞത്.
പഴം പച്ചക്കറികൾ, അരിയുടെ വിവിധ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചക്ക, പൈനാപ്പിൾ, നാളികേരം തുടങ്ങിയ വിവിധ കാർഷിക വിളകളിൽ ആധിഷ്ഠിതമായ സംരംഭങ്ങളാണ് ഡിപിആർ ക്ലിനിക്കിൽ വന്നിട്ടുള്ളത്. 50 ഡിപി ആറുകളിൽ 6 നാളികേര സംരംഭങ്ങൾ , ഇൻപുട്ട് കസ്റ്റം ഹെയറിംഗ് സെന്ററുകൾ തുടങ്ങുന്ന ഒരു സംരംഭം, പഴം പച്ചക്കറി മേഖലയിൽ 27സംരംഭങ്ങൾ, 7 സുഗന്ധവ്യഞ്ജന സംരംഭങ്ങൾ, തേൻ മേഖലയിലെ രണ്ട് സംരംഭങ്ങൾ, ചെറു ധാന്യങ്ങൾക്കായി 4 സംരംഭങ്ങൾ, അരിയും അവയുടെ മൂല്യ വർദ്ധന വിനുമായി 3 സംരംഭങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 31 സംരംഭങ്ങൾക്കും ഇതിനകം തന്നെ കനറാ ബാങ്ക് വായ്പ നൽകുന്നതിനും തയ്യാറായി മുന്നിൽ വന്നിട്ടുണ്ട്.
പ്രത്യേക ലേഖകൻ