ഇന്ത്യയുടെ ‘രാജ്യസേവകന്‍’ ഓർമ്മയായിട്ട് 30 വർഷം
- Posted on May 21, 2021
- Ezhuthakam
- By Sabira Muhammed
- 379 Views
അധികാരത്തില്‍ വന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഭാവനാ സമ്പന്നമായ മാറ്റങ്ങള്‍കൊണ്ട് ഞെട്ടിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി.

ഇന്ന് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ചരമവാർഷികമാണ്. ഇന്ദിരാ ഗാന്ധിയുടേയും ഫിറോസ് ഗാന്ധിയുടെയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. മരണാനന്തരം രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1991 ൽ രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായ രാജീവ് നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നില്ല. എന്നാൽ രാജീവ്, സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ പൊതുരംഗത്തേക്ക് ചുവട് വെച്ചു. ഇന്ദിരാഗാന്ധിയുടെ മരണത്തോടെ രാജീവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതൃത്വം നാമനിർദ്ദേശം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ രാജീവ് അധികാരത്തിലെത്തിച്ചു.
രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലാണ്. അധികാരത്തില്‍ വന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഭാവനാ സമ്പന്നമായ മാറ്റങ്ങള്‍കൊണ്ട് ഞെട്ടിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. ദീര്‍ഘകാലമായി തലവേദന സൃഷ്ടിച്ചിരുന്ന പഞ്ചാബ്, അസം, മിസോറം എന്നിവിടങ്ങളില്‍ അദ്ദേഹം സമാധാനം പുനഃസ്ഥാപിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലുകളായിരുന്നു. ഇന്ത്യയെക്കുറിച്ചു മനസ്സിലാക്കുന്നതിനായി രാജീവ് നാടെങ്ങും സഞ്ചരിച്ചു. തന്റെ പ്രതീക്ഷകളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് 1987 ബോഫോഴ്സ് വിവാദമാണ്. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) അംഗമായ തനു എന്നറിയപ്പെടുന്ന തെൻമൊഴി രാജരത്നം ആത്മഹത്യാ ബോംബറായി സ്വയമൊരഗ്നികുണ്ഡമായി മാറി ഇന്ത്യയുടെ ‘രാജ്യസേവകന്‍’ എന്നറിയപ്പെട്ട രാജീവ് ഗാന്ധിയുടെ ജീവനെടുത്തു.