അന്താരാഷ്ട്ര വനിതാ ദിനാചരണം മാര്‍ച്ച് 3-ന് തിരുവനന്തപുരത്ത് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം മാര്‍ച്ച് 3-ന് രാവിലെ 10.30-ന് തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഡി. സുരേഷ്‌കുമാര്‍ സ്വാഗതം ആശംസിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ വിശിഷ്ടസാന്നിധ്യമുണ്ടാകും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി., വി.കെ.പ്രശാന്ത് എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി.കുഞ്ഞായിഷ, വി.ആര്‍.മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, നവകേരള മിഷന്‍-2 കോഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ, ആസൂത്രണ ബോര്‍ഡ് വിദഗ്ധാംഗം മിനി സുകുമാര്‍, ജന്‍ഡര്‍ എക്‌സ്പര്‍ട്ട് ഡോ.ടി.കെ.ആനന്ദി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി.കെ.രാജു, കൗണ്‍സിലര്‍ പാളയം രാജന്‍, സ്വാഗതസംഘം പങ്കാളിത്ത കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പലത, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി.പ്രിയങ്ക, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, കേരള വനിതാ കമ്മിഷന്‍ ഡയറക്ടര്‍ പി.ബി.രാജീവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരള വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍ നന്ദി പറയും.
ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം മാറ്റവും സാങ്കേതിവിദ്യയും ലിംഗസമത്വത്തിന് എന്നതാണ് ഇത്തവണത്തെ ആശയം. സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തിന്റെ വിടവ് വര്‍ധിപ്പിക്കുന്നതില്‍ ഡിജിറ്റല്‍ രംഗത്തെ ലിംഗപരമായ അന്തരം എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ആശയം. സ്ത്രീകളെയും, പാര്‍ശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗക്കാരെയും സാങ്കേതികമേഖലയിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും അതിലൂടെ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍ സൃഷ്ടിക്കുകയും ലിംഗപരമായ തുല്യത ഉറപ്പുവരുത്തുകയും ചെയ്യുകയെന്നതാണ് ആശയം.
കേരള വനിതാ കമ്മിഷന്റെ പ്രഥമ ജാഗ്രതാ സമിതി പുരസ്‌കാരത്തിന് അര്‍ഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വച്ച് നല്‍കും. കാസര്‍കോട് ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് യഥാക്രമം മികച്ച ജില്ലാ ജാഗ്രതാ സമിതി, മികച്ച കോര്‍പ്പറേഷന്‍ ജാഗ്രതാ സമിതി, മികച്ച മുനിസിപ്പല്‍ ജാഗ്രതാ സമിതി, മികച്ച ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി എന്നിവയ്ക്കുള്ള പുരസ്‌കാരം നല്‍കുക. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ സാന്നിധ്യത്തില്‍ വനിതാശിശുവികസന മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം നല്‍കും.
അതിനുപുറമേ കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച എട്ട് വനിതകള്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും നല്‍കി ആദരിക്കും. ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി, തൃക്കാക്കര നഗരസഭാ ശ്മശാനത്തില്‍ 15 വര്‍ഷമായി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സെലീന മൈക്കിള്‍, ടൂര്‍ ഗൈഡ് ലൈസന്‍സ് നേടിയ ആദ്യ വനിതയും പക്ഷിനിരീക്ഷകയുമായ സുധാമ്മ, വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗം മിന്നുമണി, 69-ാം വയസ്സില്‍ കൈകള്‍ പിറകില്‍ കൂട്ടിക്കെട്ടി പെരിയാറിന് കുറുകേ 800 മീറ്റര്‍ നീന്തിക്കടന്ന ആരിഫ, 2021-ലെ കര്‍ഷകതിലകം പുരസ്‌കാര ജേതാവ് സ്വപ്ന കല്ലിങ്കല്‍, ജ•നാ കൈകള്‍ ഇല്ലാതിരുന്നിട്ടും കാലുകള്‍കൊണ്ട് ചിത്രരചന നടത്തുന്ന ശാന്ത ടി.എല്‍, ഹെവിവെഹിക്കിള്‍സ് ഉള്‍പ്പെടെ 11 വാഹനങ്ങള്‍ ഓടിക്കുന്ന രാധാമണി എന്നിവരെയാണ് ആദരിക്കുന്നത്.
കേരള വനിതാ കമ്മിഷന്റെ മാധ്യമപുരസ്‌കാരങ്ങളും ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് വിതരണം ചെയ്യും. മികച്ച റിപ്പോര്‍ട്ട് മലയാളം അച്ചടി മാധ്യമം വിഭാഗത്തില്‍ തിരുവനന്തപുരം ദേശാഭിമാനി യൂണിറ്റിലെ അശ്വതി ജയശ്രീ, മികച്ച ഫീച്ചര്‍ അച്ചടി മാധ്യമം മലയാളം വിഭാഗത്തില്‍ മലയാള മനോരമ കൊല്ലം യൂണിറ്റിലെ സബ് എഡിറ്റര്‍ ശ്വേതാ എസ്. നായര്‍, മികച്ച റിപ്പോര്‍ട്ട് ദൃശ്യമാധ്യമം മലയാളം വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാര്‍, മികച്ച ഫീച്ചര്‍ ദൃശ്യമാധ്യമം മലയാളം വിഭാഗത്തില്‍ 24 ന്യൂസ് കൊച്ചി യൂണിറ്റിലെ വിനീത വി.ജി, മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് കോഴിക്കോട് യൂണിറ്റിലെ ഷാജു കെ.വി., മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ മാതൃഭൂമി പാലക്കാട് യൂണിറ്റിലെ ഫോട്ടോ ജേര്‍ണലിസ്റ്റ് പി.പി. രതീഷ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
ലഹരിക്കെതിരേ, ലിംഗ അസമത്വത്തിനെതിരേ, കേരള വനിതാ കമ്മിഷന്‍ കൗമാരപ്രായക്കാര്‍ക്കായി ആരംഭിച്ച കൗമാരം കരുത്താക്കൂ കാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നേഹാ ബിജുവിനെ ചടങ്ങില്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പ്രഖ്യാപിക്കും.
പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ പെണ്‍പക്ഷ കവിതകളുടെ ദൃശ്യാവിഷ്‌കാരം കനല്‍പ്പൊട്ട്, കേരള വനിതാ കമ്മിഷന്റെ 25 വര്‍ഷത്തെ ചരിത്രത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി, പ്രശസ്ത ഗായിക പുഷ്പാവതിയുടെ സംഗീതപരിപാടി, കലാനിലയം കൃഷ്ണന്‍നായര്‍ ഫൗണ്ടേഷനിലെ ഗായത്രി പദ്മനാഭന്‍ അവതരിപ്പിക്കും ഞാന്‍, ഉടല്‍, മനസ്സ് എന്നീ പരിപാടികളും അന്താരാഷ്ട്രവനിതാദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറും. പൊലീസിന്റെ സ്വയം പ്രതിരോധ മാര്‍ഗങ്ങളുടെ പരിശീലനത്തിന്റെ അവതരണവും അനുബന്ധമായി ഉണ്ടായിരിക്കും.
പ്രത്യേക ലേഖകൻ