റബറിൽ കെട്ടിവലിച്ചാൽ കേരനാട് മറിയില്ല: ഋഷി പല്പു
തൃശൂർ: റബറിലൂടെ ക്രിസ്തുമതത്തെ പാട്ടിലാക്കി കേരളം കൈപ്പിടിയിലൊതുക്കാമെന്ന ബി.ജെ.പി യുടെ കണക്കുകൂട്ടൽ വെറും വ്യാമോഹം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ഋഷി പല്പു പ്രസ്താവനയിൽ പറഞ്ഞു. റബറിന് 300 രൂപ വിലനല്കിയാൽ കേരളത്തിൽ നിന്ന് എം.പി മാരെ സംഭാവന നല്കാമെന്ന താമരശേരി ബിഷപ്പിന്റെ പ്രസ്താവനയും അതിനോടുള്ള ബി.ജെ.പിയുടെ നിലപാടും അപഹാസ്യമാണ്. ഹിന്ദുത്വ നിലപാടുകളിൽ ഉറച്ചുവിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി കേരളത്തിൽ അക്കൗണ്ടുതുറക്കാൻ മാത്രമായി നയവ്യതിയാനം വരുത്തുമെന്ന് കരുതാനാവില്ല. അതല്ല, ആത്മാർത്ഥമായ കർഷക ക്ഷേമമാണ് ലക്ഷ്യമെങ്കിൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് ആവശ്യം. 4 ലക്ഷം മാത്രമം വരുന്ന റബർ ഉദ്ധരിച്ചതുകൊണ്ടുമാത്രം കേരളത്തിലെ കാർഷികമേഖല പുഷ്ടിപ്പെടുത്താനാവില്ല. അതിനേക്കാൾ പലമടങ്ങാണ് നാളികേര കർഷകരുടെ എണ്ണം. ഉത്പ്പന്നതിന് ന്യായവിലപോലും ലഭിക്കാതെ നരകിക്കുന്ന 6.25 ലക്ഷം കേരകർഷകർ കേരളത്തിലുണ്ട്. നിലവിൽ ഒരുകിലോ നാളികേരത്തിന് ലഭിക്കുന്ന പരമാവധി വില 25 രൂപയാണ്. അത് 32 രൂപയാക്കി ഉയർത്തണമെന്ന കേരകർഷകരുടെ നിരന്തര മുറവിളിക്ക് മുഖം കൊടുക്കാത്തവരാണ് റബർ വില 300 രൂപയായി ഉയർത്താമെന്ന് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. കോർപ്പറേറ്റ് കുത്തകകൾക്ക് കൈമണിയടിക്കുന്ന ബി.ജെ.പി റബറിന് തറവില ഉയർത്തുമെന്ന് പറയുന്നത് കേട്ട് വോട്ട് ചെയ്യാൻ കാത്തിരിക്കുന്നവർ വിഢികളുടെ സ്വർഗത്തിലാണ്. ഇന്ത്യയിലേക്ക് ഏറ്റവും അധികം സിന്തറ്റിക് റബർ ഇറക്കുമതിചെയ്യുന്ന ടയർ കമ്പനികളെ ചൊടിപ്പിക്കുന്ന ഒരു തീരുമാനവും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാവില്ല. ഇനി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൽക്കാലത്തേക്ക് ഒരു നീക്കുപോക്കുണ്ടാക്കിയാലും ഇന്ധനവിലയുടെ കാര്യത്തിലെന്നപോലെ അനുഭവം വേറൊന്നായിരിക്കും.
കേരളത്തിന്റെ കാർഷിക പുരോഗതിയും ജനങ്ങളുടെ ക്ഷേമവുമാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കിൽ 6.25 ലക്ഷം കേരകർഷകരെയാണ് ആദ്യം പരിഗണിക്കേണ്ടത്. നാളികേര വികസനബോർഡിന്റെ കണക്ക് പ്രകാരം പ്രതിവർഷം 200 കോടി കിലോ തേങ്ങ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കർഷകരിൽ നിന്ന് ഒരു കിലോ തേങ്ങ പോലും നാഫെഡ് സംഭരിച്ചുമില്ല. അതുകൊണ്ടുതന്നെ പൊതുവിപണിയിലെ ചാഞ്ചാട്ടം കാരണം 1400 കോടി രൂപ കർഷകർക്ക് നഷ്ടമുണ്ടായി. അതുകൊണ്ട് ബി.ജെ.പി ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിയാണെങ്കിൽ തേങ്ങയുടെ തറവില 32 രൂപയായി നിശ്ചയിക്കണമെന്നും ഋഷി പല്പു ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ