സമാശ്വാസം: ഈ വർഷം 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ നൽകി: മന്ത്രി ഡോ.ആർ ബിന്ദു
- Posted on April 11, 2023
- News
- By Goutham Krishna
- 109 Views
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ "സമാശ്വാസം" പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. 2022-23 സാമ്പത്തിക വർഷം "സമാശ്വാസം" പദ്ധതി മുഖേന സംസ്ഥാനത്ത് 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ച അർഹർക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാക്കിയത്.
നിർദ്ധനരോഗികളോട് കാരുണ്യമില്ലാത്ത സർക്കാരെന്ന് വരുത്തിത്തീർക്കാനാണ് വ്യാജവാർത്ത. "സമാശ്വാസം" പദ്ധതിയിലൂടെ ലഭ്യമാക്കിയ ധനസഹായത്തിന്റെ വിശദാംശങ്ങൾ മന്ത്രി പങ്കുവച്ചു. അതിങ്ങനെ: സമാശ്വാസം 1 (ഡയാലിസിസ്) പദ്ധതി (പ്രതിമാസം 1100 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ (ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും) നൽകിയിട്ടുള്ള 1668 ഗുണഭോക്താക്കൾക്കും 2022 നവംബർ വരെയുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 23165250 രൂപ)
സമാശ്വാസം 2 (വൃക്ക/കരൾ മാറ്റി വെക്കൽ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 50 ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെയുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 1371000 രൂപ) സമാശ്വാസം 3 (ഹീമോഫീലിയ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 1058 ഗുണഭോക്താക്കൾക്കും 2022 നവംബർ വരെയുള്ള ധനസഹായം അനുവദിച്ചിട്ടുണ്ട്. (ചെലവഴിച്ച തുക 11073000 രൂപ) സമാശ്വാസം 4 (സിക്കിൾസെൽ അനീമിയ) പദ്ധതി (പ്രതിമാസം 2000 രൂപ വീതം): ആവശ്യമായ രേഖകൾ നൽകിയിട്ടുള്ള 201 ഗുണഭോക്താക്കൾക്കും 2022 ഡിസംബർ വരെയുള്ള ധനസഹായം നൽകിയിട്ടുണ്ട്. (ചെലവഴിച്ച തുക 3390000 രൂപ)
2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം നാലുകോടിയോളം രൂപ ഗുണഭോക്താക്കളുടെ കയ്യിലെത്തിച്ച പദ്ധതിയാണ് 'നിലച്ചു' എന്നും 'മുടങ്ങി' എന്നുമൊക്കെ വ്യാജവാർത്ത നൽകി പൊതുജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
സ്വന്തം ലേഖകൻ