സംസ്ഥാനത്തെ സ്കൂളുകളിൽ 28 ലക്ഷത്തിൽ പരം വിദ്യാർത്ഥിക്ക് 5 കിലോ അരി

  • Posted on March 30, 2023
  • News
  • By Fazna
  • 101 Views

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ  നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള 28,74,546 കുട്ടികൾക്ക് അഞ്ച് കിലോ അരിവീതം സൗജന്യമായി നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ബീമാപള്ളി യു.പി.എസിൽ  ഉദ്ഘാടനം നിർവഹിച്ചു. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കേരളം രാജ്യത്തിനാകെ തന്നെ മാതൃകയാണ്. സാർവ്വത്രികവും സൗജന്യവുമായ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് കേരളത്തിലെ എൽ ഡി എഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ നയത്തിൽ നിന്ന് അണുവിട മാറാൻ തയ്യാറല്ല. നടപ്പ് വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി അനുവദിച്ച അരിയിൽ നവംബർ മാസത്തെ വിതരണത്തിന് ശേഷം 24,723.95 മെട്രിക് ടൺ അരി സപ്ലൈകോ ഗോഡൗണുകളിൽ നീക്കിയിരിപ്പുണ്ടായിരുന്നു. പ്രൈമറി വിഭാഗത്തിന് 100 ഗ്രാം, അപ്പർ പ്രൈമറി വിഭാഗത്തിന് 150 ഗ്രാം എന്നീ കണക്കിലാണ് ഭക്ഷ്യധാന്യം അനുവദിക്കുന്നത്. നിലവിലെ സ്റ്റോക് പൊസിഷൻ, നാലാം പാദത്തിലേയ്ക്ക് അനുവദിച്ചിട്ടുള്ള അരിയുടെ അളവ്, നടപ്പ് വർഷത്തെ ഇനിയുള്ള മാസങ്ങളിലേയ്ക്ക് ആവശ്യമായ അരിയുടെ അളവ് എന്നിവ പരിശോധിച്ച് കൊണ്ട് അധികമുള്ള അരി കുട്ടികൾക്ക് വിതരണം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. ഇത്തവണ ചരിത്രത്തിൽ ആദ്യമായി സ്കൂൾ തുറക്കുന്നതിനു രണ്ട് മാസം മുമ്പ് പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും വിതരണം ആരംഭിച്ചു. സ്കൂൾ തുറക്കുന്ന ആദ്യ ദിനം തന്നെ പുത്തൻ പാഠ പുസ്തകങ്ങളുമായി പുത്തൻ യൂണിഫോം അണിഞ്ഞ് കുട്ടികൾ ക്ളാസുകളിൽ എത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു  അധ്യക്ഷനായിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സന്നിഹിതനായിരുന്നു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like