വയനാട്ടില്‍ 26,604 പേര്‍ കാന്‍സര്‍ ബാധിതരെന്നു സംശയം.
ആശങ്ക ഉയർത്തി കാൻസർ സർവ്വേ റിപ്പോർട്ട്.

വയനാട്ടിലെ 30 വയസിനു മുകളിലുള്ള ആളുകളില്‍ 26,604 പേര്‍ കാന്‍സര്‍ ബാധിതരെന്നു സംശയം. ആരോഗ്യവകുപ്പ് നടത്തിയ ജീവിതശൈലി രോഗ സ്‌ക്രീനിംഗിലാണ് ഇത്രയും പേരില്‍ അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടത്. ഇവരിലെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പി.ദിനീഷ്, എന്‍.എച്ച്.എം ഡി.പി.എം ഡോ.സമീഹ സെയ്തലവി, ഡപ്യൂട്ടി ഡി.എം.ഒ ഡോ.പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്. സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.എസ്.നിജില്‍, ആശ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ് എന്നിവര്‍ പറഞ്ഞു.
സമ്പൂര്‍ണ ജീവിതശൈലി രോഗ സ്‌ക്രീനിംഗ് സംസ്ഥാനത്തു ആദ്യമായി പൂര്‍ത്തിയായ ജില്ലയാണ് വയനാട്. ആശ വര്‍ക്കര്‍മാര്‍ മുഖേന ശൈലി ആപ്പ് ഉപയോഗിച്ചാണ് സ്‌ക്രീനിംഗ് നടത്തിയത്. ജില്ലയില്‍ 30 വയസിനു മുകളിലുള്ള 4,38,581 പേരുണ്ട്. ഇതില്‍ ജില്ലയ്ക്കു പുറത്തുള്ളവരും താത്പര്യം ഇല്ലാത്തവരും ഒഴികെ 4,30,318 പേരെ സ്‌ക്രീനിംഗിനു വിധേയമാക്കി.
സ്‌ക്രീനിംഗില്‍ 89,753 പേരാണ്(20.85 ശതമാനം) ഗുരുതര രോഗം വരുന്നതിനിള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത്. 50,805 പേരില്‍ രക്താതിമര്‍ദം കണ്ടെത്തി. 28,366 പേരില്‍ പ്രമേഹം സ്ഥിരീകരിച്ചു. രക്താതിമര്‍വും പ്രമേഹവും ഉള്ളവരാണ് 13,620 പേര്‍.
കാന്‍സര്‍ ബാധിതരെന്നു സംശയിക്കുന്ന കാല്‍ ലക്ഷത്തില്‍ അധികം ആളുകളെ കണ്ടെത്തിയതു ഗൗരവത്തോടെയാണ് കാണുന്നതെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. 21,974 പേരില്‍ ബ്രസ്റ്റ് കാന്‍സറാണ് സംശയിക്കുന്നത്. 1,835 പേരില്‍ വായിലെ അര്‍ബുദവും 3,673 പേരില്‍ ഗര്‍ഭാശയ കാന്‍സറും സംശയിക്കുന്നുണ്ട്. എല്ലാവര്‍ക്കും ചികിത്സ ഉറപ്പുവരുത്തുന്നതിനു കാന്‍സര്‍ ഗ്രിഡ് മാപ്പിംഗ് നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.