ജനുവരി 26ന് ജില്ലകളില്‍ ലഹരിയില്ലാ തെരുവ്

  • Posted on January 23, 2023
  • News
  • By Fazna
  • 25 Views

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍റെ രണ്ടാം ഘട്ടം സമാപനദിനമായ 2023 ജനുവരി 26 ന് എല്ലാ ജില്ലകളിലും 'ലഹരിയില്ലാ തെരുവ്' പരിപാടി സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജില്ലയിലെ ഒരു പ്രധാന  വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. മയക്കുമരുന്ന് ലഹരിക്കെതിരെ സമൂഹത്തെയാകെ അണിനിരത്താന്‍ സര്‍ക്കാരിന്‍റെ വിവിധ പ്രചാരണ പരിപാടികളിലൂടെ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. രണ്ടാം ഘട്ടം സമാപനവും മികവോടെ സംഘടിപ്പിക്കാനാകണം. പരിപാടിയില്‍ അണിചേരാൻ വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീകളുമുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

2022 ഒക്ടോബര്‍ ആറിനാണ് നോ ടു ഡ്രഗ്സ് എന്ന പേരില്‍ സര്‍ക്കാര്‍ വിപുലമായ പ്രചാരണം ആരംഭിച്ചത്. ആദ്യഘട്ട പ്രചാരണം നവംബര്‍ ഒന്നിന് അവസാനിച്ചു. നവംബര്‍ 14ന് രണ്ടാം ഘട്ടത്തിന് തുടക്കമായി. ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യവുമായി ഗോള്‍ ചലഞ്ച് സംസ്ഥാനമെങ്ങും നടന്നു. സ്കൂളുകള്‍, കോളജുകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍റ് അസോസിയേഷനുകള്‍, കുടുംബശ്രീ ഉള്‍പ്പെടെ കേന്ദ്രീകരിച്ചും വിവിധ പരിപാടികള്‍ രണ്ടാംഘട്ടത്തില്‍ നടത്തിയിട്ടുണ്ട്.  രണ്ടാം ഘട്ട ക്യാമ്പയിന്‍റെ സമാപനത്തിനാണ് ജില്ലകളില്‍ ലഹരി വിരുദ്ധ തെരുവ് പരിപാടി സംഘടിപ്പിക്കുന്നത്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like